ജെസ്ന തിരോധാന കേസ്; അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ടു ഹാജരാകാൻ കോടതി നിർദേശം
Saturday, April 13, 2024 1:52 AM IST
തിരുവനന്തപുരം: ജെസ്ന തിരോധാന കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാക്കാൻ കോടതി നിർദേശിച്ചു. ജെസ്നയുടെ രക്തക്കറകൾ അടങ്ങിയ വസ്ത്രങ്ങൾ ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറിയതായി ജസ്നയുടെ പിതാവ് ജയിംസ് ജോസഫ് ആരോപിച്ചു.
എന്നാൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സിബിഐ പ്രോസിക്യൂട്ടർക്ക് അറിയാത്ത സാഹചര്യത്തിൽ ഇതു വ്യക്തമാകണമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ വരണമെന്ന ആവശ്യം ഉന്നയിച്ചു. ഇതേ തുടർന്നാണ് കോടതി നിർദേശം നൽകിയത്. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ജയിംസ് ജോസഫിന്റെ ആരോപണങ്ങൾ:
ജെസ്നയുടെ രക്തക്കറകൾ അടങ്ങിയ വസ്ത്രങ്ങൾ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇത് സിബിഐക്ക് കൈമാറിയില്ലെന്ന് പറയുന്നത് വിശ്വാസിക്കാനാകില്ല.
സിബിഐ സംശയിക്കുന്ന സഹപാഠി അല്ല ഞങ്ങൾക്ക് സംശയം. വേറേ വ്യക്തിയെയാണു സംശയിക്കുന്നത്.
വ്യാഴാഴ്ച ദിവസങ്ങളിൽ ജെസ്ന പ്രാർഥനയ്ക്ക് പോകുമായിരുന്നു. 2018 മാർച്ച് 22ന് കാണാതാകുന്ന ദിവസവും ഒരു വ്യാഴാഴ്ചയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് പിതാവ് ജയിംസ് ജോസഫിന്റെ ആരോപണങ്ങൾ അനുമാനവും സംശയങ്ങളും മാത്രമാണെന്നാണ് സിബിഐ ആരോപണം. ജയിംസ് ജോസഫിന്റെ ഹർജിയിലെ ആരോപണങ്ങൾ അടക്കം സിബിഐ അന്വേഷണം നടത്തിയിരുന്നു.
വ്യക്തമായ തെളിവുകൾ, വിവരങ്ങൾ എന്നിവ ശേഖരിച്ച ശേഷമാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത് എന്നാണ് സിബിഐയുടെ മറുപടി. കേസിൽ തുടരന്വേഷണം എന്ന ആവശ്യം വേണ്ട എന്ന നിലപാടിൽ സിബിഐ ഉറച്ചു നിന്നു. കേസിൽ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് സമൂഹിക പ്രവർത്തകൻ രഘുനാഥൻ നായർ സമർപ്പിച്ച ഹർജി കോടതി തള്ളി. നിയമപരമായി നിലനിൽക്കില്ലെന്ന കാരണം ചൂണ്ടിക്കാ ട്ടിയാണ് ഹർജി നിരസിച്ചത്.
സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. 2018 മാർച്ച് മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് വിദ്യാർഥിനിയായ ജെസ്നയെ കാണാതാകുന്നത്.