ആറ്റിങ്ങലിൽ ആർക്കും വാക്കോവറില്ല
Friday, April 12, 2024 2:08 AM IST
സാബു ജോണ്
തിരുവനന്തപുരം: മുപ്പതു വർഷത്തെ ഇടതുപക്ഷത്തിന്റെ കുത്തക കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പൊളിച്ച യുഡിഎഫിലെ അടൂർ പ്രകാശിന് ഇക്കുറി മണ്ഡലം കാത്തുസൂക്ഷിക്കാനാകുമോ? ലോക്സഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കേ ആറ്റിങ്ങലിൽ ഉയരുന്ന ചോദ്യം ഇതാണ്.
അടൂർ പ്രകാശിന് ഇവിടെ ഒരു വാക്കോവർ ഇല്ല. കടുത്ത ത്രികോണ മത്സരത്തിൽ മണ്ഡലം ആരു കൈക്കലാക്കുമെന്നു പറയാൻ സാധിക്കാത്ത നിലയാണുള്ളത്. ഇടതുപക്ഷം രംഗത്തിറക്കിയ വി. ജോയി കരുത്തനായ എതിരാളിയാണ്. വർക്കലയുടെ പ്രതിനിധിയായ ജോയി ആറ്റിങ്ങലിൽ കളംനിറഞ്ഞു നിൽക്കുകയാണ്. കേന്ദ്രമന്ത്രി എന്ന ലേബലിൽ ആറ്റിങ്ങലിൽ എത്തിയ വി. മുരളീധരനും പ്രചാരണത്തിൽ ഒട്ടും പിന്നിലല്ല. ആറ്റിങ്ങൽ എങ്ങോട്ടു ചായുമെന്നു പറയാൻ സാധിക്കാത്ത നിലയാണിപ്പോഴും.
പ്രവർത്തനബലത്തിൽ അടൂർ പ്രകാശ്
മൂന്നു പതിറ്റാണ്ടു കാലത്തെ ഇടത് ആധിപത്യം പറിച്ചെറിഞ്ഞാണ് കഴിഞ്ഞ തവണ അടൂർ പ്രകാശ് ആറ്റിങ്ങൽ സ്വന്തമാക്കിയത്. ശബരിമല വിഷയത്തെ തുടർന്നു കലുഷിതമായ രാഷ്ട്രീയാന്തരീക്ഷം കോന്നിയിൽനിന്ന് ആറ്റിങ്ങലിലേക്ക് എത്തിയ അടൂർ പ്രകാശിനു കഴിഞ്ഞ തവണ ഗുണം ചെയ്തു എന്നതു സത്യമാണ്. ഇത്തവണ അത്തരം വികാരപരമായ വിഷയങ്ങളൊന്നുമില്ല.
അഞ്ച് വർഷത്തെ പ്രവർത്തനപരിചയവും പ്രവർത്തന നേട്ടങ്ങളുമാണ് അടൂർ പ്രകാശിന്റെ ഇത്തവണത്തെ ബലം.
മൂന്നു മുന്നണികളും തുല്യശക്തികളായി നിൽക്കുന്പോഴും തെരഞ്ഞെടുപ്പു മാനേജ്മെന്റിലെ വൈദഗ്ധ്യമാണ് അടൂർ പ്രകാശിനെ മറ്റുള്ളവരിൽനിന്നു വ്യത്യസ്തനാക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പതിനായിരക്കണക്കിന് ഇരട്ട വോട്ടുകൾ കണ്ടെത്തി വോട്ടർപട്ടികയിൽനിന്നു നീക്കം ചെയ്തത് തെരഞ്ഞെടുപ്പിൽ നിർണായകമായിരുന്നു. ഇത്തവണയും ഇരട്ടവോട്ട് സംബന്ധിച്ച് അടൂർ പ്രകാശ് ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.
ആറ്റിങ്ങലിന്റെ "ജോയി അണ്ണൻ'
ആറ്റിങ്ങലിന്റെ"ജോയ് അണ്ണനാ’ണിപ്പോൾ വി. ജോയി. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു ദിവസങ്ങൾക്കകം മണ്ഡലത്തിലങ്ങോളമിങ്ങോളം ഓളം സൃഷ്ടിക്കാൻ ജോയിക്കായി. സിപിഎമ്മിന്റെ ശക്തമായ സംഘടനാസംവിധാനം എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിക്കുന്നതിൽ പാർട്ടി ജില്ലാ സെക്രട്ടറികൂടിയായിരുന്ന ജോയി വിജയിച്ചു. ആദ്യഘട്ടത്തിൽ മുന്നിലെന്ന പ്രതീതി സൃഷ്ടിക്കുവാനും സാധിച്ചു. മണ്ഡല പരിധിയിലുള്ളയാൾ എന്നതാണു ജോയിക്ക് അനുകൂലമായ ഒരു ഘടകം. വർക്കല എംഎൽഎ എന്ന നിലയിലും സിപിഎം ജില്ലാ സെക്രട്ടറി എന്ന നിലയിലുമുള്ള പ്രവർത്തനവും ആറ്റിങ്ങലിലെ തെരഞ്ഞെടുപ്പിൽ മുതൽക്കൂട്ടാണ്.
മുന്നിലെത്തുമോ മുരളീധരൻ ?
ഒരു വർഷത്തിലേറെയായി വി. മുരളീധരൻ ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിച്ചുവരികയാണ്. കേന്ദ്രമന്ത്രി എന്ന പദവി ഉപയോഗിച്ച് ആറ്റിങ്ങലിലെ ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടു വരികയായിരുന്നു.
ഇതു വോട്ടായി മാറുമോ എന്നാണു കാണേണ്ടത്. 2014 ലെ തെരഞ്ഞെടുപ്പിൽ 10.5 ശതമാനം മാത്രമായിരുന്ന ബിജെപിയുടെ വോട്ട് വിഹിതം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ 24.66 ശതമാനമായി കുത്തനെ ഉയർത്തിയതോടെയാണ് ആറ്റിങ്ങൽ ബിജെപിക്ക് എ ക്ലാസ് മണ്ഡലമായി മാറിയത്.
ഈ വിഹിതത്തിൽ കാര്യമായ വർധന വരുത്താനായാൽ മാത്രമേ പ്രതീക്ഷയ്ക്കു വകയുള്ളു. ബിജെപി കേരള ഘടകത്തിലെ ഏറ്റവും ശക്തനായ വി. മുരളീധരന് അതിനു കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കണക്കുകളിൽ കണ്ണുംനട്ട്
സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാൽ എല്ലാവർക്കും പ്രതീക്ഷയ്ക്കു വകയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലപരിധിയിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും വിജയിച്ചത് ഇടതുമുന്നണി ആയിരുന്നു. എല്ലാ മണ്ഡലങ്ങളിൽനിന്നുമായി എൽഡിഎഫിന് 1,26,626 വോട്ടിന്റെ മുൻതൂക്കമുണ്ട്.
എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും വോട്ടർമാർ തികച്ചും വ്യത്യസ്തമായ രീതിയിലാണു പ്രതികരിക്കുന്നതെന്നാണ് യുഡിഎഫ് വാദം. കേരളത്തിലെ ഒട്ടുമിക്ക മണ്ഡലങ്ങളുടെ ചരിത്രം പരിശോധിച്ചാലും ഇതു ശരിയെന്നു തെളിയും. ലോക്സഭാ തെരഞ്ഞെടുപ്പിൽ 3,80,995 വോട്ട് നേടിയ യുഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പിൽ 3,53,670 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. എൽഡിഎഫിന് ലോക്സഭയിൽ 3,42,748 വോട്ടുകൾ, നിയമസഭാ തെരഞ്ഞെടുപ്പിൽ 4,80,296. ശോഭ സുരേന്ദ്രനിലൂടെ 2,48,081 വോട്ടുകൾ നേടിയ ബിജെപിക്ക് നിയമസഭാ തെരഞ്ഞെടുപ്പ് ആയപ്പോൾ വോട്ട് 1,62,847 ആയി കുറഞ്ഞു.
ഇത്തവണയും ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് നിലയിൽ മാറ്റം പ്രതീക്ഷിക്കാം. മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിലെത്തി വി. ജോയിക്കുവേണ്ടി വോട്ട് തേടി. വി. മുരളീധരനുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച എത്തുമെന്നാണു വിവരം. അടൂർ പ്രകാശിനുവേണ്ടി ദേശീയ നേതാക്കൾ എത്തുമോ എന്ന് ഇനിയും കൃത്യമായ വിവരം ലഭിച്ചിട്ടില്ല.
ദേശീയ, സംസ്ഥാന വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്പോഴും സ്ഥാനാർഥികളുടെ ജനകീയതയും ജനബന്ധവും തന്നെയായിരിക്കും ആറ്റിങ്ങലിൽ വിജയം നിർണയിക്കുന്ന പ്രധാന ഘടകമാകുക.