ആന വിരണ്ടു, സ്തംഭിച്ച് പട്ടാന്പി നഗരം
Tuesday, March 5, 2024 2:31 AM IST
പാലക്കാട്: പട്ടാന്പി നേർച്ചയ്ക്കു കൊണ്ടുവന്ന ആന തിരികെ പോകുന്പോൾ ലോറിയിൽനിന്ന് ഇറങ്ങിയോടി. എട്ടു മണിക്കൂറോളം നഗരത്തിൽ ഭീകരാന്തരിക്ഷം സൃഷ്ടിച്ചു. വിരണ്ടോടിയ ആനയുടെ ആക്രമണത്തിൽ ഒരാൾക്കു പരിക്കേറ്റു. ഒരു പശുവും കിടാവും ചത്തു.
ഇന്നലെ പൂലർച്ചെ മൂന്നരയോടെയാണ് സംഭവങ്ങൾക്കു തുടക്കം. പട്ടാന്പിയിൽ ആനയെ കൊണ്ടുവരുന്നതിനിടെ തിരുനെല്ലായ വടക്കുമുറി പെട്രോൾ പന്പിനു സമീപമുള്ള ചായക്കടയിൽ ലോറി ഡ്രൈവർ ചായ കുടിക്കാൻ നിർത്തി. ലോറിയിൽനിന്നു പാപ്പാൻമാരും ഇറങ്ങിയതോടെ ആന ലോറിയിൽനിന്നു ചാടി ഇറങ്ങുകയും സമീപത്തു കണ്ട വാഹനങ്ങൾക്കും വീടുകൾക്കും നേരേ ആക്രമണം നടത്തുകയുമായിരുന്നു.
താമരശേരി സൈനുദ്ദീന്റെ ഉടമസ്ഥതയിലുള്ള അക്കരമേൽ ശേഖരൻ എന്ന ആനയാണ് വിരണ്ട് ഓടിയത്.
പാപ്പാൻമാരും ഡ്രൈവറും ചായകുടിക്കാൻ പോയ സമയത്തു തമിഴ്നാട്ടിൽനിന്നുള്ള ചെമ്മരിയാട്ടിൻകൂട്ടം കടന്നുപോകുന്നുണ്ടായിരുന്നു. ആട്ടിൻകൂട്ടത്തിന്റെ കരച്ചിൽ കേട്ട് ആന വിരണ്ടോടുകയായിരുന്നുവെന്നാണ് പാപ്പാൻമാർ പറയുന്നത്. ചെമ്മരിയാടുകളെ മേയ്ക്കാൻ വന്ന പഴനി സ്വദേശി കന്തസ്വാമിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആന കണ്ണാടി കമ്മാന്തറ വിനോദിന്റെയും കാളിമടപ്പറന്പ് ശെൽവന്റെയും കടകൾ തകർത്തു. തുടർന്ന് എട്ടു കിലോമീറ്ററോളം സഞ്ചരിച്ച് മാത്തൂർ അന്പാട് പ്രദേശത്തു നിലയുറപ്പിച്ചു. ഇവിടെ ഒരു വീട്ടിലെ തൊഴുത്തു തകർത്തശേഷം വളർത്തുമൃഗങ്ങളെ ആക്രമിച്ചു. ഒരു പശുവും കിടാവും ആക്രമണത്തിൽ ചത്തു. ഒരു പശുവിനു ഗുരുതരമായ പരിക്കേറ്റു.
ആക്രമണത്തിൽ ഏഴു വീടുകൾ ഭാഗികമായും രണ്ടു വീടുകൾ പൂർണമായും തകർന്നു. രണ്ടു കടകൾക്കും കേടുപാട് സംഭവിച്ചു. ഓരോ പെട്ടിഓട്ടോറിക്ഷ, സ്കൂട്ടർ, ഓട്ടോറിക്ഷ എന്നിവ ആന തകർത്തിട്ടുണ്ട്. രാവിലെ 7.30ഓടെ തൃശൂർ കുന്നംകുളം എലിഫന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ അന്പാട് എന്ന സ്ഥലത്തുവച്ചാണ് ആനയെ തളച്ചത്.