കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്: പ്രതി റിമാൻഡിൽ
Tuesday, March 5, 2024 2:01 AM IST
തിരുവനന്തപുരം: ചാക്കയിൽനിന്നും രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ ശേഷം ഓടയിൽ ഉപേക്ഷിച്ച പ്രതിയെ കോടതി റിമാൻഡ് ചെയ്തു. വർക്കല ഇടവ സ്വദേശി ഹസൻകുട്ടി (45) യെയാണ് തിരുവനന്തപുരം കോടതി റിമാൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് പേട്ട പോലീസും സിറ്റി ഷാഡോ പോലീസും ചേർന്ന് കൊല്ലത്തുനിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.
കുട്ടിയെ ഒരാൾ തട്ടിക്കൊണ്ടു പോയ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
ബീഹാർ സ്വദേശികളായ ദന്പതികളുടെ രണ്ടു വയസുകാരിയായ മകളെയാണ് കഴിഞ്ഞ മാസം ഇയാൾ തട്ടിക്കൊണ്ടു പോയത്. ഇയാൾക്കെതിരേ പോക്സോ ഉൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
അയിരൂർ, കോട്ടയം, കൊല്ലം സിറ്റി, തൊടുപുഴ ഉൾപ്പെടെയുള്ള പോലീസ് സ്റ്റേഷനുകളിൽ മോഷണ കേസും പോക്സോ കേസും നിലവിലുണ്ട്.
ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചു; കുട്ടി ബിഹാർ സ്വദേശികളുടേതുതന്നെ
ബീഹാർ സ്വദേശികളായ ദന്പതികളുടെയും കുഞ്ഞിന്റെയും ഡിഎൻഎ പരിശോധന ഫലം പോലീസിന് ലഭിച്ചു. കുട്ടി ഇവരുടേതാണെന്ന് പോലീസ് പറഞ്ഞു.
സിറ്റി പോലീസ് കമ്മീഷണർ സി. നാഗരാജുവിന്റെ മേൽനോട്ടത്തിൽ ഡിസിപി നിതിൻരാജ്, ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ രാജപ്പൻ, പേട്ട എസ്എച്ച്ഒ ശ്രീജിത്ത്, ഷാഡോ പോലീസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചത്.