വിദ്യാര്‍ഥിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിയുടെ ജാമ്യഹര്‍ജി തള്ളി
Tuesday, March 5, 2024 1:05 AM IST
കൊച്ചി: പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി.
സാക്ഷികളുടെ വിചാരണ പൂര്‍ത്തിയാകാതെ ജാമ്യത്തില്‍ വിടുന്നത് തെളിവ് നശിപ്പിക്കപ്പെടാനിടയാകുമെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് പ്രതിയായ കാട്ടാക്കട സ്വദേശി പ്രിയരഞ്ജന്റെ ജാമ്യഹര്‍ജി ജസ്റ്റീസ് സോഫി തോമസ് തള്ളിയത്.
2023 ഓഗസ്റ്റ് 30ന് വൈകുന്നേരം അഞ്ചിനു സൈക്കിളില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ആദിശേഖര്‍ എന്ന വിദ്യാര്‍ഥിയെ മുന്‍വൈരാഗ്യത്തിന്റെ പേരില്‍ പ്രതി പിന്നില്‍നിന്ന് കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഗുരുതരമായ ആരോപണമാണ് പ്രതിക്കെതിരേ ഉളളതെന്ന് കോടതി ചൂണ്ടിക്കാട്ടി.
കരുതിക്കൂട്ടി ആസൂത്രണം ചെയ്ത് പ്രതി കൊലപാതകം നടത്തുകയായിരുന്നെന്നാണു മനസിലാകുന്നത്. മനുഷ്യത്വരഹിതമായ ഈ ക്രൂരപ്രവൃത്തിക്കെതിരേ കോടതിക്കു കണ്ണടയ്ക്കാനാകില്ല. പ്രതിയെ ജാമ്യത്തില്‍ വിടുന്നത് ശരിയായ വിചാരണയ്ക്കും ശിക്ഷാവിധിക്കും വരെ തടസമുണ്ടാകാന്‍ കാരണമായേക്കും.
സാക്ഷികളെ പ്രതി സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമുള്ള സാധ്യതയുണ്ട്. അതിനാല്‍ സാക്ഷികളുടെ പരിശോധന പൂര്‍ത്തിയാകാതെ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.