ഡാറ്റാ ബാങ്ക് : ഭൂമി ഒഴിവാക്കിയ ഉത്തരവ് പുനഃപരിശോധിക്കാന്‍ ആര്‍ഡിഒയ്ക്ക് അധികാരമില്ല
Tuesday, March 5, 2024 1:05 AM IST
കൊച്ചി: ഡാറ്റാ ബാങ്കില്‍നിന്ന് നിലം എന്ന് രേഖപ്പെടുത്തിയ ഭൂമി ഒഴിവാക്കിയ ഉത്തരവ് പുനഃപരിശോധിക്കാന്‍ ആര്‍ഡിഒയ്ക്ക് അധികാരമില്ലെന്നു ഹൈക്കോടതി.
കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ പുനഃപരിശോധനയ്ക്കു വ്യവസ്ഥയില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റീസ് മുരളി പുരുഷോത്തമന്റെ ഉത്തരവ്. മുമ്പ് ഡാറ്റാ ബാങ്കില്‍നിന്ന് ഒഴിവാക്കിയ ഭൂമിയുടെ തരംമാറ്റ അപേക്ഷ മൂവാറ്റുപുഴ ആര്‍ഡിഒ നിരസിക്കുകയും മുന്‍ ഉത്തരവ് തിരിച്ചു വിളിക്കുകയും ചെയ്ത ഉത്തരവിനെതിരേ പത്തനംതിട്ട സ്വദേശി നിഖില്‍ വര്‍ഗീസ് ജോണ്‍ നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.
ഹര്ജിക്കാരന് പുത്തന്‍കുരിശ് വില്ലേജിലുള്ള 44.72 സെന്റ് ഭൂമി അടിസ്ഥാന നികുതി രജിസ്റ്ററില്‍ നിലം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 2008ലെ നെല്‍വയല്‍, തണ്ണീര്‍ത്തടം സംരക്ഷണ നിയമപ്രകാരം നിലവില്‍ വന്ന ഡാറ്റാ ബാങ്കിലും നെല്‍വയല്‍ എന്നാണുള്ളത്. തുടര്‍ന്ന് ഡാറ്റാ ബാങ്കില്‍ നിന്ന് ഭൂമി ഒഴിവാക്കാന്‍ 2021 നവംബറില്‍ ആര്‍ഡിഒക്ക് അപേക്ഷ നല്കി. 2008ന് മുമ്പ് നികത്തിയതാണെന്ന പ്രാദേശികതല മേല്‍നോട്ട സമിതിയുടെ ശിപാര്‍ശകൂടി പരിഗണിച്ച് 2022 ജനുവരി 24ന് ഡാറ്റാ ബാങ്കില്‍നിന്ന് ഒഴിവാക്കി ആര്‍ഡിഒ ഉത്തരവിട്ടു.
തുടര്‍ന്ന് ഭൂമിയുടെ തരംമാറ്റത്തിന് അപേക്ഷ നല്കി. വില്ലേജ് ഓഫീസര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അപേക്ഷ നിരസിച്ചു. റോഡിനേക്കാള്‍ ഒന്നര മീറ്റര്‍ താണാണ് പ്രദേശമെന്നതടക്കം ചൂണ്ടിക്കാട്ടി ജൂണിയര്‍ സൂപ്രണ്ട് നല്കിയ റിപ്പോര്‍ട്ട് പരിഗണിച്ച ആര്‍ഡിഒ ആദ്യ ഉത്തരവ് തിരിച്ചു വിളിക്കുകയും ചെയ്തു.
എന്നാല്‍, നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഇത്തരമൊരു വ്യവസ്ഥയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.