ശന്പളം പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയേക്കും
സ്വന്തം ലേഖകൻ
Monday, March 4, 2024 5:05 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ മുടങ്ങിയ ശന്പള വിതരണം പുനരാരംഭിച്ചാലും ആദ്യ ദിവസങ്ങളിൽ പിൻവലിക്കാവുന്ന തുകയ്ക്കു നിയന്ത്രണം ഏർപ്പെടുത്തുന്നതു സർക്കാർ ആലോചനയിൽ.
പ്രതിദിനം പിൻവലിക്കാവുന്ന തുകയ്ക്ക് പരിധി ഏർപ്പെടുത്തുന്നതാണ് ആലോചിക്കുന്നത്. സംസ്ഥാനത്തിന്റെ സാന്പത്തിക പ്രതിസന്ധി അതീവ ഗുരുതരമായ സാഹചര്യത്തിലാണു കടുത്ത നടപടികൾ ആലോചിക്കുന്നത്.
ജീവനക്കാരുടെ അക്കൗണ്ടിൽ ഇന്നു മുതൽ പണമെത്തുമെന്ന് ധനവകുപ്പ് അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇന്നു ശന്പളം എത്തുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയായിട്ടില്ല. അതേസമയം, ശന്പളം മുടക്കിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു ജീവനക്കാരുടെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനു മുന്നിൽ ഇന്നു നിരാഹാര സമരം തുടങ്ങുന്നു.
ഫെബ്രുവരി മാസത്തെ ശന്പളം അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്നു രാവിലെ 11 മുതൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ കണ്‍വീനർ എം.എസ്. ഇർഷാദ് പറഞ്ഞു. കേരള സെക്രട്ടേറിയറ്റ്അസോസിയേഷൻ, കേരള ഫിനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ, കേരള ലോ സെക്രട്ടേറിയറ്റ് അസോസിയേഷൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ തുടങ്ങിയ സംഘടനകളുടെ കൂട്ടായ്മയാണ് സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലും സർക്കാർ ജീവനക്കാർക്കു ശന്പളം നൽകിയിരുന്നില്ല. ആദ്യ ദിനങ്ങളിൽ പെൻഷനും മുടങ്ങിയിരുന്നു. നാലാം തീയതിയായ ഇന്ന് അക്കൗണ്ടിൽ പണമെത്തിയാലും പ്രതിസന്ധി തീരാൻ സാധ്യത കുറവാണെന്നാണ് ധന വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.
വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങൾക്ക് കേന്ദ്ര സർക്കാരിൽനിന്നു കിട്ടേണ്ട 4,600 കോടി രൂപ കൂടി ലഭിച്ചാലേ ഇതു വകമാറ്റി ചെലവഴിക്കുന്നതു വഴി സംസ്ഥാനത്തിനു പിടിച്ചുനിൽക്കാൻ കഴിയുകയുള്ളൂ. മാർച്ച് ആദ്യം കേന്ദ്രത്തിൽനിന്നു നികുതി വരുമാന ഇനത്തിലും ഐജിഎസ്ടി ഇനത്തിലുമായി 4200 കോടിയോളം രൂപ ലഭിച്ചിരുന്നു. എന്നാൽ, ഇതിൽ ഒരു ഭാഗം കടമെടുത്ത തുകയ്ക്കു പലിശ അടയ്ക്കുന്നതിനായും വിനിയോഗിച്ചിരുന്നു.
ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വഴി ശന്പളമെത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർക്കും മാസ ശന്പളം കൈയിൽ കിട്ടിയെന്നാണു വിവരം. ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വഴി പണം പിൻവലിക്കുന്നതിന് തടസമില്ലാത്തതാണ് കാരണം. അതേസമയം, ഭൂരിഭാഗം ജീവനക്കാർക്കും എംപ്ലോയീസ് ട്രഷറി സേവിംഗ്സ് ബാങ്ക് (ഇടിഎസ്ബി)അക്കൗണ്ട് വഴിയാണ് ശന്പളമെത്തുന്നത്. ഈ അക്കൗണ്ട് മരവിപ്പിച്ചതോടെയാണ് പണം കൈകാര്യം ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായത്.