നീതി മെഡിക്കല്‍ സ്റ്റോറുകള്‍ മരുന്ന് വിപണന രംഗത്തെ വിപ്ലവം: മുഖ്യമന്ത്രി
Monday, March 4, 2024 4:47 AM IST
അങ്കമാലി: മരുന്ന് വിപണന രംഗത്തെ വിപ്ലവകരമായ ഇടപെടലാണ് നീതി മെഡിക്കല്‍ സ്റ്റോറുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അങ്കമാലി അഡ്ലക്സ് കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ നീതി മെഡിക്കല്‍ സ്കീം രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
25 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ 1760 നീതി മെഡിക്കല്‍ സ്റ്റോറുകളായി വളര്‍ന്നു. അങ്ങേയറ്റം ചൂഷണം നേരിടുന്ന ഡയാലിസിസ്, കാന്‍സര്‍ രോഗികള്‍ക്ക് വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാകുന്ന പദ്ധതിക്കാണ് ഇനി സര്‍ക്കാര്‍ തുടക്കമിടുന്നത്.
വിപുലമായി വരുന്ന ജെനറിക് മരുന്നുകളും ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതി ആരംഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കുന്നതിനുള്ള പദ്ധതിയും നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നീതി മെഡിക്കല്‍ സ്കീമില്‍ നടപ്പിലാക്കുന്ന നൂതന പദ്ധതികളുടെ പ്രഖ്യാപനവും ത്രിവേണി ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന വിവിധ ഉത്പന്നങ്ങളുടെ വിപണന ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. പ്രവര്‍ത്തന മികവ് തെളിയിച്ച സഹകരണ സംഘം ഭാരവാഹികളെ മന്ത്രി പി. രാജീവ് ആദരിച്ചു. കലാ കായിക പഠനരംഗങ്ങളില്‍ മികവ് പുലര്‍ത്തിയിട്ടുള്ള കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരുടെ മക്കള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു.