ദുരൂഹത നിറഞ്ഞ് ഒഴുകുപാറയിലെ ഫാം
Sunday, December 3, 2023 1:27 AM IST
ചാത്തന്നൂർ: അകലെനിന്ന് കാണുമ്പോൾതന്നെ ചിറക്കര ഒഴുകുപാറ തെങ്ങുവിള കോളനിക്കടുത്തുള്ള ഫാമിന് ദുരുഹതയുടെ ആവരണമുണ്ട്. ആറരയേക്കറോളം വിശാലമായ പദ്മകുമാറിന്റെ ഈ ഫാമിലാണ് ആറു വയസുകാരിയെ തട്ടിക്കൊണ്ടുവന്ന തിങ്കളാഴ്ച രാത്രി തങ്ങിയതെന്ന് കരുതുന്നു. ഈ ഫാം ഇപ്പോൾ പോലീസ് കാവലിലാണ്. ആർക്കും പ്രവേശനമില്ല.
നിറയെ മരങ്ങളും കുറ്റിക്കാടും നിറഞ്ഞ ഫാമിൽ രണ്ട് കെട്ടിടങ്ങളുണ്ട്. ഒന്നിൽ പശുക്കളും പട്ടികളുമാണ്. 40ഓളം ഫാൻസി കോഴികളുമുണ്ട്. തൊട്ടടുത്തുള്ള ഷീബയാണ് പശുക്കളെയും പട്ടികളെയും പരിപാലിക്കുന്നത്.
പഞ്ചായത്ത് എതിർപ്പു പ്രകടിപ്പിച്ചെന്ന ന്യായം പറഞ്ഞ് തമിഴ്നാട്ടിലേക്ക് കടക്കുന്നതിന്റെ തലേ ദിവസമാണ് നായകളെ പദ്മകുമാർ ഫാംഹൗസിൽ എത്തിച്ചതെന്ന് ഷീബ പറയുന്നു. എട്ടുവർഷം മുമ്പാണ് പദ്മകുമാർ ഈ വസ്തു വാങ്ങിയത്.
ആദ്യം വാഴ കൃഷി നടത്തിയെങ്കിലും നഷ്ടത്തിൽ കലാശിച്ചത്രേ. മരങ്ങളിൽ നിറയെ കുരുമുളക് പടർത്തിയിരിക്കുകയാണ്. തേക്ക്, കശുമാവ്, പ്ലാവ്, മാവ്, റമ്പൂട്ടാൻ തുടങ്ങിയ എല്ലാ മരങ്ങളും ഇതിനുള്ളിലുണ്ട്. വിജനമായ പ്രദേശമാണ്.
ദുരൂഹത നിറഞ്ഞു നില്ക്കുന്ന ഫാമിൽ ആകെ പ്രവേശിക്കുന്നത് ഷീബ മാത്രമാണ്. കൂലി കൃത്യമായി ലഭിക്കാറില്ലെങ്കിലും പ്രാരാബ്ധങ്ങൾകൊണ്ട് ഷീബ ജോലി തുടരുകയാണ്. ഒരു കാറും ഈ ഫാമിൽ ഉണ്ട്. ഇത് പദ്മകുമാറിന്റെ മൂന്നാമത്തെ കാറാണെന്ന് വ്യക്തം.
തിങ്കളാഴ്ച രാത്രിയും പദ്മകുമാറും കുടുംബവും എത്തിയപ്പോഴും ആർക്കും ഒരു സംശയവും ഉണ്ടായില്ല. പദ്മകുമാർ സ്ഥിരമായും കുടുംബാംഗങ്ങൾ വല്ലപ്പോഴും എത്താറുണ്ടെന്നതുതന്നെ കാരണം.
തട്ടിയെടുക്കപ്പെട്ട കുട്ടി ഒപ്പമുണ്ടായിട്ടും ആർക്കും ഒരു സംശയത്തിനും ഇടംനല്കാത്ത രീതിയിലായിരുന്നു പെരുമാറ്റം. ഫാമിന് പിന്നിലെ കോളനിയിൽ താമസിക്കുന്ന ഷീബയുടെ പക്കൽ ഉണ്ടായിരുന്ന താക്കോൽ വാങ്ങിയാണ് കെട്ടിടം തുറന്നത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയത് പത്മകുമാറും സംഘവുമാണെന്ന് വ്യക്തമായതോടെ നാട്ടുകാർ രോഷാകുലരാണ്. ഫാമിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.