വിദേശഭാഷാ പരീക്ഷയിൽ ആൾമാറാട്ടം മുതൽ ചോദ്യപേപ്പർ ചോർത്തൽ വരെ
Saturday, December 2, 2023 2:03 AM IST
ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: വിദേശഭാഷാ പരീക്ഷകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തു നടക്കുന്നത് കോടികളുടെ തട്ടിപ്പ്. ആൾമാറാട്ടം, ചോദ്യപേപ്പർ ചോർത്തൽ എന്നിവ വഴിയാണ് തട്ടിപ്പ് അരങ്ങേറുന്നത്.
ഇതിന്റെ പേരിൽ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി നടുക്കുന്ന സംഭവങ്ങളാണ് ഉണ്ടാകുന്നത്. ഒഇടി പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് ഇതിൽ പ്രധാനം.
കോവിഡ് കാലയളവിലാണ് ഇത്തരം തട്ടിപ്പുകൾ വ്യാപകമായിരുന്നത്. യുകെ, ഓസ്ട്രേലിയ, അയർലൻഡ്, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട് ജോലിക്കു പോകുന്നതിനാണ് ഈ പരീക്ഷ നടത്തിവരുന്നത്. ഒരു തവണ പരീക്ഷയെഴുതാൻ 35,000 രൂപയാണ് ഫീസായി അടയ്ക്കേണ്ടത്. എന്നാൽ ഇടനിലക്കാർ ഇതിൽ കൂടുതൽ തുക വാങ്ങിയും വിദ്യാർഥികളെ വഞ്ചിക്കുന്നുണ്ട്. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, കൊല്ലം, എറണാകുളം തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പുകൾ കൂടുതലായും നടക്കുന്നത്. തട്ടിപ്പിന്റെ പ്രധാന ഹബ്ബായി കൊല്ലം മാറിയിട്ടുണ്ട്.
ചോദ്യപേപ്പർ ചോർത്തൽ
ചോദ്യപേപ്പർ ചോർത്തലാണ് ഈ മേഖലയിൽ നടക്കുന്ന ഏറ്റവും വലിയ തട്ടിപ്പ്. പരീക്ഷയുടെ തലേദിവസം ചോദ്യപേപ്പറുകൾ ഇടനിലക്കാർ വഴി പരീക്ഷയെഴുതുന്നവർക്ക് എത്തിച്ചു നൽകിയാണ് തട്ടിപ്പിനു കളമൊരുക്കുന്നത്. മൂന്നുലക്ഷം മുതൽ 10 ലക്ഷംവരെ വാങ്ങിയാണ് ചോദ്യപേപ്പർ കൈമാറുന്നത്. ഇതിനു വൻ സംവിധാനങ്ങളാണ് ഒരുക്കുന്നത്.
സംസ്ഥാനത്തെ ചില ടൗണുകളിലെ ഹോട്ടൽമുറികൾ മൊത്തമായി വാടകയ്ക്കെടുത്ത് പരീക്ഷാർഥികളെ ഇവിടെ താമസിപ്പിച്ച് ചോദ്യപേപ്പർ നൽകി പരീക്ഷയ്ക്ക് ഒരുക്കും. ഈ വിവരങ്ങൾ ചോരാതിരിക്കാൻ പരീക്ഷാർഥികളുടെ മൊബൈൽ ഫോണ് ഉൾപ്പെടെ പിടിച്ചുവയ്ക്കും. ഇവരുടെ കൂടെ മറ്റാരെയും മുറികളിൽ പ്രവേശിക്കാൻ അനുവദിക്കാറുമില്ല. ഞൊടിയിടയ്ക്കുള്ളിൽ ലക്ഷങ്ങളുടെ ഇടപാടുകളാണ് ഇതിലൂടെ നടക്കുന്നത്.
പ്രതിമാസം 100 കോടിയുടെ വരെ ഇടപാടുകൾ നടക്കുന്നതായാണ് വിവരം. ഇതിന് ഏജന്റുമാരും സബ് ഏജന്റുമാരും രംഗത്തുണ്ട്. ഇങ്ങനെ അനധികൃതമായി പണം നൽകി ചോദ്യപേപ്പർ കൈവശപ്പെടുത്തുന്നവർ പാസാകുകയും, കൃത്യമായി ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി മാസങ്ങളോളം കഠിനാധ്വാനം ചെയ്തു പരിശീലനം നേടുന്ന വിദ്യാർഥികൾ പരാജയപ്പെടുകയും ചെയ്യുന്നു. ഇത്തര ത്തിൽ അതീവ ഗുരുതരമായ സ്ഥിതിയാണുള്ളതെന്നു ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ഫെയിറ്റ്) ഇടുക്കി ജില്ലാ പ്രസിഡന്റ് പ്രമോദ് വർഗീസ്, സെക്രട്ടറി കണ്ണൻ മൈക്കിൾ എന്നിവർ ദീപികയോടു പറഞ്ഞു.
തട്ടിപ്പിനു ചുരുക്കം പേർ
ചില വിദേശഭാഷാ പഠന സ്ഥാപനങ്ങളുടെ മറവിലാണ് ഇത്തരം തട്ടിപ്പ് നടക്കുന്നത്. ഇതിനായി നാടുനീളെ പരസ്യബോർഡുകൾ സ്ഥാപിക്കുന്നതും പതിവാണ്. ചുരുക്കംപേർ നടത്തുന്ന തട്ടിപ്പിന്റെ പേരിൽ വിശ്വസ്തതയോടെയും ഗുണനിലവാരം പുലർത്തിയും വിദേശ ഭാഷാപരിശീലനം നടത്തുന്ന സെന്ററുകളും സംശയനിഴലിലാവുകയാണ്.
പരസ്യ ബോർഡുകൾ കണ്ട് കോഴ്സുകൾ സംബന്ധിച്ച് അന്വേഷിക്കാനെത്തുന്ന ഉദ്യോഗാർഥികളോട് പണം നൽകിയാൽ വിജയം ഉറപ്പെന്ന വാഗ്ദാനമാണ് തട്ടിപ്പ് സംഘങ്ങൾ നടത്തുന്നത്. ഇതിനായി പരീക്ഷയുടെ തലേദിവസം ചോദ്യപേപ്പർ എത്തിച്ചുനൽകുമെന്നും പറഞ്ഞുവിശ്വസിപ്പിക്കും.പിന്നീട് ഇവരിൽനിന്നു അഞ്ചുലക്ഷം മുതൽ പത്തുലക്ഷംവരെ കൈക്കലാക്കിയ ശേഷം ചോദ്യപേപ്പർ നൽകുന്നതാണ് തട്ടിപ്പുസംഘത്തിന്റെ രീതി. ചിലർ പണം കൈക്കലാക്കിയ ശേഷം ചോദ്യപേപ്പർ നൽകാതെയും പണം തട്ടിയെടുക്കും. രാജ്യത്തിനകത്തും പുറത്തും ഒരേ ചോദ്യപേപ്പറാണ് ഒഇടി പരീക്ഷയ്ക്കായി ഉപയോഗിക്കുന്നത്.
വിവിധ രാജ്യങ്ങൾ തമ്മിലുള്ള സമയവ്യത്യാസമാണ് ഈ അനധികൃത തട്ടിപ്പിന് അനുകൂല കളമൊരുക്കുന്നത്. ആദ്യം പരീക്ഷനടക്കുന്ന രാജ്യങ്ങളിൽനിന്നു ചോദ്യപേപ്പർ ചോർത്തി പിന്നീടു പരീക്ഷ നടക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. എട്ടുമുതൽ 15 മണിക്കൂർ വരെ സമയവ്യത്യാസമുള്ള രാജ്യങ്ങളിൽനിന്നാണ് പ്രധാനമായും ഇവർ ചോദ്യപേപ്പർ എത്തിക്കുന്നത്.
സർക്കാരിനും നഷ്ടം
ഒഇടി പരീക്ഷയുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേടുകൾ നടക്കുന്പോഴും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഫലപ്രദമായ നടപടി സ്വീകരിക്കാത്തതാണ് തട്ടിപ്പുകാർക്കു തുണയായി മാറുന്നത്. മുന്പ് പരീക്ഷയുടെ തലേദിവസം ചോദ്യപേപ്പർ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിനെ തുടർന്നു ഓസ്ട്രേലിയയിലുള്ള പരീക്ഷാനടത്തിപ്പുകാർക്ക് രേഖാമൂലം പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ല.