വീടുകള്‍ പൂർത്തിയായെന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ അറിയിക്കണം: ഹൈക്കോടതി
Saturday, December 2, 2023 1:09 AM IST
കൊച്ചി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നിര്‍മിച്ച വീടുകള്‍ കൈമാറാന്‍ തയാറായിട്ടുണ്ടെന്ന് അര്‍ഹതയുള്ളവരെ അറിയിക്കണമെന്ന് ഹൈക്കോടതി.
പട്ടികയിലുള്‍പ്പെട്ട 36 പേരില്‍ മൂന്നുപേര്‍ വീട് വേണ്ടെന്ന് നേരത്തേ അറിയിച്ചിട്ടുണ്ടെങ്കിലും വീടു പൂര്‍ത്തിയായ വിവരം ഇവരെയും അറിയിക്കണം. വീടുകളുടെ താക്കോല്‍ദാനം എന്നു നടത്താനാവുമെന്ന് അറിയിക്കണമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്കി.
വീടുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് കൈമാറാത്തതിനെതിരേ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നല്കിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. അര്‍ഹരായവര്‍ക്ക് നല്‍കാനുള്ള 36 വീടുകള്‍ പൂര്‍ത്തിയായതായി വീടുകള്‍ നിര്‍മിച്ചു നല്കിയ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.