പ്രളയത്തിൽനിന്നു നാടിനെ രക്ഷിക്കാൻ ഫ്ളഡ് അലർട്ട് സിസ്റ്റം
Saturday, December 2, 2023 1:09 AM IST
തിരുവനന്തപുരം: പ്രളയ മുന്നറിയിപ്പു നൽകുന്ന ’ഫ്ളഡ് അലർട്ട് സിസ്റ്റം’ കണ്ടുപിടിച്ച വി.എസ്. സത്യജിത്തും പി. ലിംഗാ മാരിഷും സാമൂഹ്യ ശാസ്ത്രമേളയിൽ താരങ്ങളായി.
തിരുവനന്തപുരം കോട്ടണ്‍ഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സാമൂഹ്യശാസ്ത്രമേളയിൽ ഏറെ ശ്രദ്ധേയമായത് ഇരുവരുടെയും കണ്ടു പിടിത്തമായിരുന്നു. ഇവരുടെ മാതൃകയിൽ അലർട്ട്-എസ്എംഎസ് സിസ്റ്റത്തിന്റെ സഹായത്തോടെയാണ് ഫ്ളഡ് അലേർട്ട് സിസ്റ്റം പ്രവർത്തിക്കുന്നത്. ഗ്രാമത്തിലെ നദിയിൽ ഘടിപ്പിച്ചിട്ടുള്ള വാട്ടർ ലെവൽ ഇന്റിഗേറ്ററിൽ 85 ശതമാനത്തിലധികം ജലം നിറഞ്ഞതായി രേഖപ്പെടുത്തുന്പോൾ അലർട്ട് സിസ്റ്റം പ്രളയ മുന്നറിയിപ്പ് നൽകും.
മൊബൈൽ ഫോണുമായി ലിങ്ക് ചെയ്യാവുന്ന ഫ്ളഡ് അലേർട്ട് സിസ്റ്റം പ്രളയത്തിന്റെ മുന്നറിയിപ്പ് പ്രദേശവാസികൾക്കു മൊബൽ ഫോണ്‍ സന്ദേശത്തിലൂടെ നൽകും. വയനാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾ ഇഎച്ച്എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളായ ഇവർക്കു ഫ്ളഡ് അലർട്ട് സിസ്റ്റത്തിന്റെ കണ്ടുപിടിത്തതിനു ജില്ലാ, സബ്ജില്ലാ തലങ്ങളിൽ എ-ഗ്രേഡ് ലഭിച്ചിട്ടുണ്ട്.
2018 ലെയും 2019 ലെയും മഹാപ്രളയമാണ് ഈ കണ്ടുപിടിത്തത്തിനു പ്രചോദനമായതെന്നു സത്യജിത്തും ലിംഗ മാരിഷും പറയുന്നു. സ്കൂളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും ഇവർ പറയുന്നു.
രണ്ടു മാസം കൊണ്ടു നിർമിച്ച ഇവരുടെ ഫ്ളഡ് സിസ്റ്റത്തിനു ഏകദേശം 12,000 രൂപ ചിലവായി. ഈ പദ്ധതി ഒരു പ്രദേശത്തു നടപ്പിലാക്കാൻ ഏകദേശം 14 കോടി രൂപ വരുമെന്നാണ് ഇവരുടെ കണക്കുക്കൂട്ടൽ.