കോൺഗ്രസ് വേദിയിൽ കോൺഗ്രസിനെ വിമർശിച്ച് ടി. പദ്മനാഭൻ
Saturday, December 2, 2023 1:08 AM IST
കണ്ണൂർ: കോൺഗ്രസ് വേദിയിൽ കോൺഗ്രസിനെ വിമർശിച്ച് കഥാകൃത്ത് ടി. പദ്മനാഭൻ. ബ്രിട്ടീഷ് ഭക്തരാണ് പിന്നീട് കെപിസിസി നേതാക്കളായതെന്നായിരുന്നു ടി. പദ്മനാഭൻ പറഞ്ഞത്.
പ്രിയദർശിനി സാഹിത്യപുരസ്കാരം രാഹുൽ ഗാന്ധിയിൽനിന്നു സ്വീകരിച്ചശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞുനാൾ മുതലേ കോൺഗ്രസിന്റെ അനുഭാവിയായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിന് സ്കൂളിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ടു.
വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത സത്യഗ്രഹികളുടെ കണ്ണിൽ ചുണ്ണാമ്പു തേച്ച ബ്രിട്ടീഷ് ഭക്തർ സ്വാതന്ത്ര്യലബ്ധിക്കു ശേഷം കെപിസിസി നേതൃത്വത്തിലേക്ക് വന്നതോടെയാണ് സജീവ രാഷ്ട്രീയം മടുത്തത്.
എങ്കിലും കോൺഗ്രസ് രാഷ്ട്രീയത്തോട് ഇന്നും ആഭിമുഖ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യം നിങ്ങളുടെ നേതൃത്വത്തിനായി കാത്തിരിക്കുകയാണ്. നിർഭയം മുന്നോട്ട് നയിക്കൂ എന്ന് രാഹുൽ ഗാന്ധിയോട് പദ്മനാഭൻ പറഞ്ഞു.