നഗരസഭാ കൗണ്‍സിലര്‍ മധു അമ്പലപുരത്തെ ഇഡി ചോദ്യംചെയ്തു
Thursday, October 5, 2023 2:20 AM IST
കൊച്ചി: കരിവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ വടക്കാഞ്ചേരി നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ മധു അമ്പലപുരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യംചെയ്തു. ഇന്നലെ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ അവശ്യപ്പെട്ട് ഇദ്ദേഹത്തിന് ഇഡി നോട്ടീസ് നല്‍കിയിരുന്നു.
നേരത്തേ അറസ്റ്റിലായ പി. സതീഷ്കുമാറിന്റെ സഹോദരന് ശ്രീജിത്ത്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്നിവരെയും ചോദ്യംചെയ്തു.
രണ്ടാമത് നല്കിയ നോട്ടീസ് പ്രകാരം ഇന്നലെ ഉച്ചയോടെയാണു മധു അമ്പലപുരം ഹാജരായത്. തട്ടിപ്പിലെ മുഖ്യപ്രതി പി. സതീഷ്കുമാറിന്റെ സമ്പത്തിക ഇടപാടുകളില്‍ ഇടനിലക്കാരനായി പി.ആര്. അരവിന്ദാക്ഷനൊപ്പം മധുവും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തല്‍.
റിമാന്‍ഡ് റിപ്പോര്‍ട്ടിലടക്കം മധുവിനെതിരേ ഇഡിയുടെ പരാമര്‍ശമുണ്ട്. സതീഷ്കുമാറിന്റെ ഇടപാടുകള്‍, ബന്ധങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ തേടിയാണു ശ്രീജിത്ത്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അനില്‍ കുമാര്‍ എന്നിവരെ ചോദ്യം ചെയ്തത്.
അതേസമയം, യെസ്ഡി ജ്വല്ലറി ഉടമ സുനില്‍കുമാര്‍ ഇന്നലെയും ചോദ്യം ചെയ്യലിനു ഹാജരായില്ല. കഴിഞ്ഞ ദിവസവും ചോദ്യം ചെയ്യലിന് ഹാജാരാകാന്‍ ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ചോദ്യം ചെയ്യലിന് ഹാജാരാവാതെ ഇയാള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതായാണ് വിവരം. സതീഷ്കുമാറുമായി അടുത്ത ബന്ധമുള്ളയാളാണ് സുനില്‍കുമാര്‍.