വിദ്യാർഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
Thursday, October 5, 2023 2:15 AM IST
മൂവാറ്റുപുഴ: നിർമല കോളജ് വിദ്യാർഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു.
ഏനാനല്ലൂർ കിഴക്കേമുട്ടത്ത് ആൻസൺ റോയി (23) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലേക്കു മാറ്റിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മൂവാറ്റുപുഴ, വാഴക്കുളം പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടന്ന് നാശനഷ്ടമുണ്ടാക്കുക തുടങ്ങിയ കേസുകളിലും പ്രതിയാണ് ഇയാൾ.
2020ൽ മൂവാറ്റുപുഴ ആനിക്കാട് ചിറപ്പടി ഭാഗത്ത് പ്രതിയും കൂട്ടാളികളും മയക്കുമരുന്ന് ഉപയോഗിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതു ചോദ്യം ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും 2022ൽ വാഴക്കുളത്തെ ബാറിലെ ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.
നാല് മാസം മുമ്പാണ് പ്രതി ഓടിച്ചിരുന്ന ബൈക്ക് ഇടിച്ച് മൂവാറ്റുപുഴ നിർമല കോളജിലെ വിദ്യാർഥിനി കൊല്ലപ്പെട്ടത്. ഈ കേസിൽ മൂവാറ്റുപുഴ സബ് ജയിലിൽ കഴിയവേയാണ് കാപ്പ ചുമത്തി സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. കല്ലൂർക്കാട് പോലീസ് ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണൻ, സിപിഒമാരായ ബേസിൽ സ്കറിയ, സേതു കുമാർ, കെ.എം. നൗഷാദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത്.