“നിശ്ശബ്ദരാക്കാനുള്ള ശ്രമത്തെ ചെറുത്ത് തോൽപ്പിക്കുക”
Wednesday, October 4, 2023 1:16 AM IST
തിരുവനന്തപുരം: സത്യം പറയുന്ന മാധ്യമപ്രവർത്തകരെയും സാംസ്കാരിക പ്രവർത്തകരെയും, ശാസ്ത്ര പ്രചാരകരെയും അധികാരം ഉപയോഗിച്ച് ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്.
രാജ്യതലസ്ഥാനത്ത് നിരവധി പത്രപ്രവർത്തകർ, ശാസ്ത്ര പ്രചാരകർ, സാംസ്കാരിക ചരിത്രകാരന്മാർ, സാഹിത്യ നിരൂപകർ എന്നിവരുടെയെല്ലാം വീടുകളിൽ പോലീസ് റെയ്ഡ് നടത്തി ലാപ് ടോപ്പുകൾ, മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത പശ്ചാത്തലത്തിലാണ് പരിഷത്തിന്റെ പ്രതികരണം.
മാധ്യമങ്ങളെ ലക്ഷ്യമിട്ട് പീഡിപ്പിക്കാനും, സർക്കാറിനെ വിമർശിക്കാനുള്ള ജനാധിപത്യ അവകാശങ്ങൾ വിനിയോഗിക്കുന്നവരെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാനുമുള്ള ഗൂഢാലോചനയാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഇതിനെതിരേ പ്രതിഷേധിക്കാൻ ജനാധിപത്യ ചിന്താഗതിയുള്ള ദേശസ്നേഹികൾ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും പരിഷത്ത് ആഹ്വാനം ചെയ്തു.
പൗരന്റെ ജനാധിപത്യ അവകാശങ്ങൾക്കും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനുമെതിരേ നടന്നുകൊണ്ടിരിക്കുന്ന ഈ ഭരണകൂട ഭീകരതയ്ക്കെതിരേ എല്ലാ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്നും പരിഷത്ത് ആഹ്വാനം ചെയ്തു.
ന്യൂസ് ക്ലിക്കിന്റെ എഡിറ്റർ ഇൻ ചീഫ് പ്രബിർ പുര്കായസ്തയെ പൊലീസ് അറസ്റ്റ് ചെയ്തു. മാധ്യമ പ്രവർത്തകരായ അഭിസാർ ശർമ, ഊർമിളേഷ് എന്നിവരുടെ വസതികളിലും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയിലും സാമൂഹ്യ പ്രവർത്തക ടീസ്ത സെതൽവാദ്, എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി, ഡൽഹി സയൻസ് ഫോറത്തിലെ ഡോ. രഘുനന്ദൻ എന്നിവരുടെ വീടുകളിലുമാണ് ഇന്നലെ റെയ്ഡ് നടന്നത്.