അഭിഭാഷകനെ കുറ്റപ്പെടുത്തൽ; ഐജി ലക്ഷ്മണിന് 10,000 രൂപ പിഴ
Wednesday, October 4, 2023 12:56 AM IST
കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുള്ള ഹര്‍ജി പിന്‍വലിക്കാന്‍ ഐജി ലക്ഷ്മണിനെ അനുവദിച്ച ഹൈക്കോടതി, സത്യവാങ്മൂലത്തില്‍ അനാവശ്യമായി അഭിഭാഷകനെ കുറ്റപ്പെടുത്തിയതിന് 10,000 രൂപ പിഴ അടയ്ക്കാന്‍ ഉത്തരവിട്ടു.
പിഴത്തുക ഒരു മാസത്തിനകം ഹൈക്കോര്‍ട്ട് ലീഗല്‍ സര്‍വീസ് അഥോറിറ്റിയില്‍ കെട്ടിവയ്ക്കാനും അല്ലാത്തപക്ഷം റവന്യു റിക്കവറി നടപടി സ്വീകരിക്കാനും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവില്‍ പറയുന്നു.
മോന്സൻ മാവുങ്കല്‍ നടത്തിയ സാമ്പത്തിക തട്ടിപ്പു കേസില്‍ ഐജി ലക്ഷ്മണിനെ പ്രതി ചേര്‍ത്തിരുന്നു. തന്നെ പ്രതിചേര്‍ത്തതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐജി ലക്ഷ്മണ് നല്കിയ ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.