കരുവന്നൂർ ബാങ്ക് തട്ടിപ്പ്; നിക്ഷേപകർക്കു പണം നൽകാൻ പ്രവാസികളെ പിഴിയും
Sunday, October 1, 2023 1:33 AM IST
തിരുവനന്തപുരം: നിക്ഷേപ തട്ടിപ്പിനെത്തുടർന്നു പെരുവഴിയിലായ തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്കു പണം തിരികെ കൊടുക്കാനുള്ള വഴി ഗൗരവമായി ആലോചിച്ചു സംസ്ഥാന സർക്കാരും സിപിഎമ്മും. ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ എന്നിവരും എകെജി സെന്ററിൽ ദീർഘമായ കൂടിക്കാഴ്ച നടത്തി.
സിപിഎം നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കരുവന്നൂർ ബാങ്കിനു ഫണ്ട് കണ്ടെത്തുന്നതിനെക്കുറിച്ചു ചർച്ച നടത്താൻ സഹകരണ മന്ത്രി വി.എൻ. വാസവൻ, മൂന്നിനു കൊച്ചിയിൽ നിർണായക യോഗം വിളിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരവേ സഹകരണ പുനരുദ്ധാരണ നിധി രൂപീകരിച്ചു നിക്ഷേപകർക്കു പണം തിരികെ നൽകാനുള്ള നീക്കമാണു പ്രധാനമായി ചർച്ച ചെയ്യുക.
പണം നഷ്ടപ്പെട്ട നിക്ഷേപകർക്ക് 50 ശതമാനം തുക അടിയന്തരമായി വിതരണം ചെയ്യാൻ നടപടികൾ സ്വീകരിക്കും. നിക്ഷേപകർക്കു നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കണമെങ്കിൽ അടിയന്തരമായി ഇത്രയെങ്കിലും ചെയ്യണമെന്ന് പാർട്ടിക്കകത്തും അഭിപ്രായമുയർന്നു. നാട്ടിൽ നിന്നു നിക്ഷേപകരെ കണ്ടെത്തുക ഇപ്പോഴത്തെ സാഹചര്യത്തിൽ ഒട്ടും എളുപ്പമല്ലാത്ത കാര്യമായതിനാൽ പ്രവാസികളുടെ നിക്ഷേപം പെട്ടെന്നു ലഭിക്കാൻ മാർഗങ്ങളാരായും.
പാർട്ടിയുടെതന്നെ ഗൾഫിലും മറ്റു വിദേശരാജ്യങ്ങളിലുമുള്ള പ്രവർത്തകർക്കും സംഘടനകൾക്കും ഇതു സംബന്ധിച്ചു നിർദേശം നൽകും. സിപിഎമ്മുമായി അടുത്ത ബന്ധമുള്ള ചില പ്രവാസി വ്യവസായികളുമായി ഇക്കാര്യം സംസാരിച്ചതായും സൂചനകളുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നടന്ന ചർച്ചയിൽ നേരിട്ടു പങ്കെടുത്തില്ലെങ്കിലും എല്ലാക്കാര്യങ്ങളും ഫോണ് വഴി അപ്പപ്പോൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചതായാണു വിവരം. കഴിഞ്ഞ ദിവസം എം.കെ. കണ്ണൻ മുഖ്യമന്ത്രിയെ നേരിട്ടു കണ്ടിരുന്നു. അതിനു ശേഷമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുമായി ഇന്നലെ ചർച്ച നടത്തിയത്. കേരള ബാങ്ക് ഡയറക്ടർ ബോർഡ് യോഗം 11നും ജനറൽ ബോഡി യോഗം 12നും വിളിച്ചുചേർത്തിട്ടുണ്ട്.