ക്ഷീരകർഷക ക്ഷേമനിധി ബിൽ ഗവർണർ അംഗീകരിച്ചേക്കും
Sunday, October 1, 2023 1:33 AM IST
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഗവർണറുടെ പരിഗണനയ്ക്കായി സർക്കാർ സമർപ്പിച്ച ക്ഷീരകർഷക ക്ഷേമനിധി ബിൽ, ശ്രീപദ്്മനാഭ സ്വാമി ക്ഷേത്രത്തിനു സർക്കാർ നൽകുന്ന തുക മൂന്നിരട്ടിയായി വർധിപ്പിക്കുന്ന ബിൽ എന്നിവ അംഗീകരിച്ചേക്കും.
നാളെ ഡൽഹിയിൽ നിന്നു മടങ്ങിയെത്തുന്ന ഗവർണർ ബില്ലുകൾ പരിശോധിക്കും. വിവാദ വിഷയങ്ങൾ ഉൾപ്പെടാത്ത ബില്ലുകളായ സാഹചര്യത്തിൽ ഇവയ്ക്ക് അനുമതി നൽകാമെന്ന ഉപദേശമാണു രാജ്ഭവൻ കൈമാറിയിട്ടുള്ളത്.
മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷസ്ഥാനത്തു മുൻ ചീഫ് ജസ്റ്റീസ് എസ്. മണികുമാറിനെ നിയമിക്കണം എന്ന സർക്കാർ ശിപാർശയിലെ തുടർതീരുമാനവും ഗവർണർ സ്വീകരിച്ചേക്കും.
മണികുമാറിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കഴിഞ്ഞ ദിവസം നൽകിയ പരാതിയും ഗവർണർക്കു ലഭിച്ചു. സമാനമായ പരാതികൾ രമേശ് ചെന്നിത്തലയും സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റിയും നേരത്തെ നൽകിയിരുന്നു. ഇവയ്ക്ക് സർക്കാർ വിശദീകരണവും നൽകി.