സർക്കാരിനെ വിമർശിച്ച ക്ലെറിക്കൽ അറ്റൻഡറെ പിരിച്ചുവിട്ടതിൽ ആക്ഷേപവുമായി
ജിഎസ്ടി വകുപ്പ് ജീവനക്കാർ
Sunday, October 1, 2023 1:33 AM IST
തിരുവനന്തപുരം: സർക്കാരിന്റെ തലതിരിഞ്ഞ സമീപനങ്ങളെ നവമാധ്യമങ്ങൾ വഴി വിമർശിക്കുന്ന ചരക്കു സേവന വകുപ്പിലെ താഴേത്തട്ടിലെ ജീവനക്കാരെ തെരഞ്ഞുപിടിച്ച് അച്ചടക്ക നടപടി സ്വീകരിക്കുന്നതായി ആക്ഷേപം.
സംസ്ഥാന സർക്കാരിന്റെ തെറ്റായ സമീപനങ്ങളെ വിമർശിച്ച ആലുവ ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലെ ക്ലെറിക്കൽ അറ്റൻഡർ എം.എ. അഷ്റഫിനെ സസ്പെൻഡ് ചെയ്തു. അഷ്റഫ് മാണിക്കം എന്ന പേരിൽ ഫെയ്സ് ബുക്ക്, വാട്ട്സ് ആപ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴി സർക്കാരിന്റെ നയങ്ങളേയും മന്ത്രിമാരേയും വിമർശിക്കുന്ന തരത്തിലും അപകീർത്തിപ്പെടുത്തുന്ന തരത്തിലും പോസ്റ്റുകൾ ഇടുകയും ഫോർവേഡ് ചെയ്യുകയും ചെയ്യുന്നതു ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണു നടപടിയെന്നു ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് ജോയിന്റ് കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു. കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന ഭീഷണിയുമുണ്ട്.
കോട്ടയം ടാക്സ് പെയർ സർവീസസ് ജോയിന്റ് കമ്മീഷണർ അവിടുത്തെ ജീവനക്കാരന് സമൂഹമാധ്യമങ്ങൾ വഴി സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ താഴേത്തട്ടിലെ ഉദ്യോഗസ്ഥനു മെമ്മോ നൽകിയിട്ടുണ്ട്.
24 മണിക്കൂറിനകം തൃപ്തികരമായ മറുപടി നൽകാത്ത പക്ഷം അച്ചടക്ക നടപടി സ്വീകരിക്കുമെന്നു നിർദേശിക്കുന്നു. സെയിൽസ് ടാക്സ് കോട്ടയം എന്ന വാട്സ് ആപ് ഗ്രൂപ്പിൽ സർക്കാർ നയങ്ങളേയും മന്ത്രിമാരേയും വിമർശിച്ചതിന്റെ പേരിലാണ് നോട്ടീസ് നൽകുന്നതെന്നു വിശദീകരിക്കുന്നു. എന്നാൽ, സർക്കാരിന്റെയും ധന വകുപ്പിന്റെയും പിടിപ്പു കേടിനെ മാത്രമാണു വിമർശിക്കുന്നതെന്നാണു മറുപടി.
നികുതി പിരിവ് ഊർജിതമാക്കാത്ത ചരക്കു സേവന വകുപ്പു നയങ്ങൾക്കെതിരേ ജീവനക്കാരിൽ ഒരു വിഭാഗം തന്നെ പരസ്യമായി രംഗത്തു വരുന്നുണ്ട്. ഇവർക്കെതിരേ നടപടി സ്വീകരിക്കാൻ കമ്മീഷണർക്കു നിർദേശം നൽകിയെയങ്കിലും നടപടിയുണ്ടായില്ല.
ഈ സാഹചര്യത്തിലാണ് താഴേത്തട്ടിലുള്ള ജീവനക്കാർക്കെതിരേ നടപടി സ്വീകരിക്കാൻ കഴിയുന്ന ജില്ലാ തലത്തിലെ ജോയിന്റ് കമ്മീഷണർമാരെ അച്ചടക്ക നടപടി സ്വീകരിക്കാനായി ചുമതലപ്പെടുത്തിയത്.