ഇടുക്കിയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ദൗത്യസംഘം
Saturday, September 30, 2023 1:28 AM IST
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ദൗത്യ സംഘത്തെ നിയോഗിച്ചു സർക്കാർ ഉത്തരവിറക്കി. റവന്യു വകുപ്പിലും കോടതികളിലുമുള്ള കേസുകളിൽ തീർപ്പാക്കിയ അനധികൃത കൈയേറ്റങ്ങളാണ് ഒഴിപ്പിക്കുക.
ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു പ്രത്യേക സംഘത്തെ നിയോഗിച്ചത്. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ഹൈക്കോടതിയുടെ പ്രത്യേക ബഞ്ച് എല്ലാ ചൊവ്വാഴ്ചയും ചേരുന്നുണ്ട്.
ഈ ബഞ്ചിന്റെ നിർദ്ദേശമാണ് സർക്കാർ പരിഗണിച്ചത്. ജില്ലാ കളക്ടറെ കൂടാതെ സബ്കളക്ടർ, റവന്യൂ ഡിവിഷണൽ ഓഫീസർ, കാർഡമം അസിസ്റ്റന്റ് കമ്മീഷണർ എന്നിവരാണ് ദൗത്യസംഘത്തിലുള്ളത്. ദൗത്യസംഘത്തിന്റെ പ്രവർത്തനങ്ങൾ ആഴ്ചതോറും വിലയിരുത്താൻ ജോയിന്റ് കമ്മീഷണറെ ചുമതലപ്പെടുത്തി.
കേസുകളും അപ്പീലുകളും തീർപ്പാക്കിയതും അനധികൃതമെന്ന് കണ്ടത്തിയതുമായ കൈയേറ്റങ്ങളാണ് ദൗത്യസംഘം ഒഴിപ്പിക്കുക. ജില്ലാകളക്ടർ, ലാൻഡ് റവന്യു കമ്മീഷണർ എന്നിവരും കോടതികളും തീർപ്പാക്കിയ കേസുകളിലാണ് ദൗത്യസംഘം ഇടപെടുക. ഇത്തരത്തിലുള്ള അൻപതിലേറെ കേസുകൾ ഉണ്ടെന്നാണ് റവന്യു വകുപ്പിന്റെ വിലയിരുത്തൽ.
ദൗത്യസംഘത്തിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകാൻ രജിസ്ട്രേഷൻ, വനം, പൊതുമരാമത്ത്, തദ്ദേശ വകുപ്പുകളെ ചുമതലപ്പെടുത്തി. ദൗത്യസംഘത്തിന് പോലീസ് സംരക്ഷണം നൽകാനും നിർദേശം നൽകി.
മെക്കിട്ടു കേറിയാൽ ചെറുക്കും
മൂന്നാറില്‍ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ദൗത്യസംഘം വരുന്നതില്‍ എതിര്‍പ്പില്ല. അനധികൃതമായി ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ പരിശോധിക്കട്ടെ. അതിനു തടസം നില്‍ക്കേണ്ട കാര്യമില്ല. നിയമപരമല്ലാതെ രാഷ്ട്രീയ ലക്ഷ്യം വച്ച് എന്തെങ്കിലും ചെയ്യാന്‍ വന്നാല്‍ ദൗത്യസംഘത്തെ തുരത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
-എം.എം. മണി എംഎൽഎ