മന്ത്രി വീണയുടെ സ്റ്റാഫിനെതിരേ കൈക്കൂലി ആരോപണം
Thursday, September 28, 2023 7:05 AM IST
മലപ്പുറം: ഡോക്ടർ നിയമനത്തിന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പഴ്സണൽ സ്റ്റാഫ് അംഗത്തിനു പണം നൽകിയെന്നാരോപിച്ച് മലപ്പുറം സ്വദേശി ഹരിദാസൻ. ഹോമിയോ മെഡിക്കൽ ഓഫീസർ തസ്തികയിലേക്കു മരുമകൾക്കു ജോലി ലഭിക്കാൻ ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനു പണം നൽകിയെന്ന ആരോപണവുമായാണു ഹരിദാസൻ രംഗത്തെത്തിയത്. ജോലിക്ക് അപേക്ഷിച്ചതിനു പിന്നാലെയാണു നിയമനത്തിനു പണം നൽകിയതെന്നും ഇദ്ദേഹം പറഞ്ഞു.
“കഴിഞ്ഞ മാർച്ചിലാണ് എന്റെ മരുമകൾ അപേക്ഷ നൽകിയത്. തുടർന്ന് ഏപ്രിലിൽ സിഐടിയു പത്തനംതിട്ട മുൻ ഓഫീസ് സെക്രട്ടറി അഖിൽ സജീവ് എന്നയാൾ വീട്ടിലെത്തി പണം ആവശ്യപ്പെടുകയായിരുന്നു. ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണു നിയമനം നടക്കുന്നതെന്നും അവിടെയെത്തി പണം നൽകണമെന്നും പറഞ്ഞു. അഞ്ചു ലക്ഷം നൽകിയാൽ ജോലി ഉറപ്പെന്നായിരുന്നു വാഗ്ദാനം. ഇതോടെ 25,000 രൂപ മുൻകൂറായി അഖിൽ സജീവിനു മാർച്ച് 24നു ഗൂഗിൾ പേ ചെയ്തു”- ഹരിദാസ് പറഞ്ഞു. പണം അയച്ചതിന്റെ സ്ക്രീൻ ഷോട്ടും ഹരിദാസന്റെ പക്കലുണ്ട്.
തുടർന്ന് അഖിൽ സജീവ് നിർദേശിച്ചതനുസരിച്ച് ആരോഗ്യമന്ത്രിയുടെ ഓഫീസിലുള്ള അഖിൽ മാത്യുവിനെ തിരുവനന്തപുരത്തെത്തി കണ്ട് ഒരു ലക്ഷം രൂപ കൈമാറിയെന്നും ഹരിദാസൻ ആരോപിക്കുന്നു. ഇതിനുശേഷം അഖിൽ സജീവിന് 50,000 രൂപ നൽകിയെന്നും മൊത്തം 1.75 ലക്ഷം രൂപയാണ് കൈമാറിയതെന്നും ഹരിദാസൻ പറയുന്നു.
“സെക്രട്ടേറിയറ്റിനു മുന്നിൽവച്ചാണ് മന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യു എന്റെ കൈയിൽനിന്നു പണം വാങ്ങിയത്. അതിനു ശേഷം അദ്ദേഹം ഓഫീസിലേക്കു കയറിപ്പോയി. താത്കാലിക നിയമനത്തിന് അഞ്ചു ലക്ഷം രൂപ ഗഡുക്കളായി നൽകാനാണ് ആവശ്യപ്പെട്ടത്. -ഹരിദാസൻ കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 13നാണ് മലപ്പുറം സ്വദേശി ഹരിദാസന്റെ പരാതി രജിസ്ട്രേഡ് പോസ്റ്റായി മന്ത്രിയുടെ ഓഫീസിൽ ലഭിച്ചത്. തുടർനടപടിക്കായി 20നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഡിജിപിക്കു പരാതി നൽകി. പരാതിയിൽ പോലീസ് അന്വേഷണം നടക്കുകയാണ്. അന്വേഷണം കഴിയുന്നതുവരെ കാത്തിരിക്കാം.
-മുഖ്യമന്ത്രി പിണറായി വിജയൻ
ഈ മാസം 13നു പരാതി ലഭിച്ചിരുന്നു. തുടർന്നു പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിനോട് വിശദീകരണം തേടി. അഖിൽ മാത്യുവിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ആരോപണം അടിസ്ഥാനമില്ലാത്തതെന്നും അദ്ദേഹം മറുപടി നൽകി. വിഷയത്തിൽ പരാതി പോലീസിനു കൈമാറി. പേഴ്സണൽ സ്റ്റാഫ് അംഗവും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
- വീണാ ജോർജ് (ആരോഗ്യമന്ത്രി)