അറസ്റ്റ് ഭയക്കുന്നില്ലെന്ന് എം.കെ. കണ്ണൻ
Thursday, September 28, 2023 6:46 AM IST
തൃശൂർ: അറസ്റ്റ് ഭയക്കുന്നില്ലെന്നും എന്തിനെയും നേരിടുമെന്നും ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് എം.കെ. കണ്ണൻ. അറസ്റ്റ് നമുക്കൊരു പ്രശ്നമേയല്ല, അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കിടന്നിട്ടുണ്ട്, പിന്നല്ലേ ഇഡി എന്നും അദ്ദേഹം പറഞ്ഞു.
“കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി എനിക്കൊരു ബന്ധവുമില്ല. അറസ്റ്റിലായ പി.ആർ. അരവിന്ദാക്ഷന്റെ നിക്ഷേപത്തെക്കുറിച്ചോ ബിനാമിയെക്കുറിച്ചോ ഒന്നും അറിയില്ല. കള്ളപ്പണം വെളുപ്പിക്കലുമായി എന്റെ ബാങ്കിന് യാതൊരു ബന്ധവുമില്ല. ആർക്കൊക്കെ ലോൺ കൊടുത്തെന്നാണ് ഇഡി ചോദിക്കുന്നത്. അതെല്ലാം ഓർത്തിരിക്കാൻ പറ്റുമോ? സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനങ്ങളെക്കുറിച്ചു ചോദിച്ചാൽ എനിക്കെങ്ങനെ അറിയാനാണ്? ആരെയും വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി ഭയപ്പെടുത്തുന്നതാണ് അവരുടെ രീതി. എകെ 47 തോക്ക് കൊണ്ടുവന്ന് ഇഡി ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്”- എം.കെ. കണ്ണൻ പറഞ്ഞു.
ആകെ മൂന്നു മിനിറ്റ് ചോദ്യം ചെയ്യാനാണു മണിക്കൂറുകളോളം ഇരുത്തിയത്. മർദിക്കുന്നതു മാത്രമല്ലല്ലോ പീഡനം. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി നോട്ടംകൊണ്ടും ഭാഷകൊണ്ടുമെല്ലാം മാനസികമായി പീഡിപ്പിച്ചു. മർദിച്ചിട്ടില്ല. നാളെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
യാതൊരു രേഖയും കൊണ്ടുവരാൻ പറഞ്ഞിട്ടില്ല. എന്റെ കൈയിലുള്ള രേഖകൾ കൊടുത്തിട്ടുണ്ട്. ഇനിയുള്ളതു പാസ്പോർട്ടും മറ്റു രേഖകളുമാണ്. അതു തപ്പിയെടുത്തു കൊടുക്കണം.
സോണിയഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെയെല്ലാം അവർ വിളിച്ചുവരുത്തിയില്ലേ? ഇഡിയുടെ അധികാരം പരിശോധിക്കാൻ മൂന്നംഗ ബഞ്ചിനെ സുപ്രീം കോടതി നിയമിച്ചിട്ടുണ്ടല്ലോ. പ്രസിഡന്റിനു യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയെന്ന ഉത്തരവാദിത്വം മാത്രമേയുള്ളൂ. അല്ലാതെ യാതൊരു അധികാരവും ഇല്ല.
താനൊരു കമ്മീഷൻ ഏജന്റല്ലെന്നും വായ്പകൾക്കു കമ്മീഷൻ വാങ്ങാറുണ്ടെന്ന ആരോപണത്തിനു മറുപടിയായി എം.കെ. കണ്ണൻ പറഞ്ഞു.