മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കൽ : ടാസ്ക് ഫോഴ്സ് രൂപീകരണം രണ്ടു ദിവസത്തിനകം
Wednesday, September 27, 2023 6:25 AM IST
കൊച്ചി: മൂന്നാര്‍ മേഖലയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ രണ്ടു ദിവസത്തിനകം പുതിയ ടാസ്ക് ഫോഴ്സിന് രൂപംനല്കി ഉത്തരവിറക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. മൂന്നാര്‍ മേഖലയില്‍ 300ലേറെ അനധികൃത കൈയേറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും 70 കേസുകളില്‍ മാത്രമാണ് അപ്പീല്‍ നിലവിലുള്ളത്. ശേഷിച്ച കേസുകളില്‍ കൈയേറ്റങ്ങള്‍ സമയബന്ധിതമായി ഒഴിപ്പിക്കുകയാണു ടാസ്ക്ഫോഴ്സിന്റെ ചുമതല.
അപ്പീലുകളില്‍ ജില്ലാ കളക്ടര്‍ രണ്ടു മാസത്തിനുള്ളില്‍ തീരുമാനമെടുക്കും. അതേസമയം വീടു നിര്‍മിക്കാന്‍ ഒരു സെന്റില്‍ താഴെ മാത്രമാണ് ഭൂമി കൈയേറിയിട്ടുള്ളതെങ്കില്‍ അതിനു പട്ടയം നല്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ഇവരുടെ പട്ടിക പ്രത്യേകം നല്കാന് ഹൈക്കോടതി ആവശ്യപ്പെട്ടു. ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണു ഹര്‍ജികള്‍ പരിഗണിക്കുന്നത്.
കൈയേറ്റം ഒഴിപ്പിക്കല്‍ നടപടി എന്തായെന്നു വ്യക്തമാക്കുന്ന പട്ടിക തിരിച്ചുള്ള വിവരങ്ങള്‍ നല്കാന് ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും അനധികൃത നിർമാണം തടയണമെന്നും ആവശ്യപ്പെട്ട് തൃശൂരിലെ വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടനയടക്കം നല്കിയ ഹര്‍ജികളിലാണ് സര്‍ക്കാര്‍ ഇക്കാര്യം വിശദീകരിച്ചത്.
മൂന്നാര്‍ മേഖലയില്‍ കൈയേറി നിർമിച്ച കെട്ടിടങ്ങളില്‍ റിസോര്‍ട്ടുകളോ മറ്റോ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ നിർത്തിവയ്പിക്കാന് പോലീസിനടക്കം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഇടുക്കി ജില്ലയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാകാത്ത ദുരന്തസാധ്യതയുള്ള മേഖലകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിർദേശം നല്‍കിയിരുന്നു. ഇതു കണ്ടെത്താൻ പരിശീലനവും നല്‍കിയിരുന്നു. എന്നിട്ടും ഇത്തരം മേഖലകള്‍ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് പഞ്ചായത്ത് സെക്രട്ടറിമാര്‍ അറിയിച്ചു. ഇവര്‍ക്കു പരിശീലനം നല്കിയ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇക്കാര്യത്തില്‍ വിശദീകരണത്തിനു സമയം തേടി. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാലേ കേന്ദ്രത്തിന് ഇതില്‍ ഇടപെടാനാകൂവെന്ന് കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന് വ്യക്തമാക്കി. അതേസമയം വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്നപേരില്‍ മറ്റൊരു സംഘടനയും ഹര്‍ജിയുമായി രംഗത്തെത്തി. എന്നാല്‍ ഇത്തരം തര്‍ക്കങ്ങളില്‍ കാര്യമില്ലെന്നും മൂന്നാര്‍ മേഖലയിലെ ജനങ്ങളുടെ സുരക്ഷയാണു പ്രധാനമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജികള്‍ രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.