ധനവകുപ്പിനെതിരേ സിപിഐ സംസ്ഥാന കൗണ്‍സിലിൽ രൂക്ഷ വിമർശനം
Wednesday, September 27, 2023 6:17 AM IST
തിരുവനന്തപുരം: ഇടതുമുന്നണിയിലെ തിരുത്തൽ ശക്തിയായിരുന്ന സിപിഐയുടെ പൊടിപോലും കണ്ടുപിടിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്നു പാർട്ടി സംസ്ഥാന കൗണ്‍സിലിൽ രൂക്ഷ വിമർശനം. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുകൾക്കു ധനവകുപ്പിൽനിന്നും കിട്ടേണ്ട അർഹമായ പ്രാധാന്യം ലഭിക്കുന്നില്ല.
നെല്ലു സംഭരിച്ച വകയിൽ കർഷകർക്ക് പണം നല്‍കാതെ പാർട്ടി കൈകാര്യം ചെയ്യുന്ന വകുപ്പിനെ സമ്മർദത്തിലാക്കുന്നതായും കൃഷിവകുപ്പിലും ഇതേ സ്ഥിതിയാണെന്നും സംസ്ഥാന കൗണ്‍സിൽ കുറ്റപ്പെടുത്തി. എൽഡിഎഫിലും മുഖ്യമന്ത്രിയോടും നേരിട്ടു പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഇത് പാർട്ടിയോടുള്ള അവഗണനയാണെന്നും ഇന്നലെ ചേർന്ന കൗണ്‍സിൽ വിമർശിച്ചു.
പൊതുജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപഴകുന്ന വകുപ്പാണ് ഭക്ഷ്യവകുപ്പ്. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഹെലിക്കോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത് അടക്കം സംവിധാനമൊരുക്കുന്നു. അപ്പോഴും ഈ വകുപ്പുകളെ സഹായിക്കാൻ മുഖ്യമന്ത്രി തയാറായില്ല. വിഷയം അടുത്ത എൽഡിഫഎ് യോഗത്തിൽ ഉന്നയിക്കുമെന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സംസ്ഥാന കൗണ്‍സിലിൽ അറിയിച്ചു.