കാമുകനെ വിഷം കൊടുത്തു കൊന്ന കേസ്: ഗ്രീഷ്മയ്ക്ക് ഉപാധികളോടെ ജാമ്യം
Tuesday, September 26, 2023 6:33 AM IST
കൊച്ചി: പ്രണയബന്ധത്തില്‍നിന്ന് പിന്മാറാന് വിസമ്മതിച്ച കാമുകന് കഷായത്തില്‍ വിഷം കലര്‍ത്തി കൊടുത്തു കൊന്ന കേസിലെ മുഖ്യപ്രതി കന്യാകുമാരി ദേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയം വീട്ടില്‍ ഗ്രീഷ്മയ്ക്ക് (22) ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
പ്രതിക്കെതിരേ സമൂഹത്തിലുള്ള വികാരം മാത്രം കണക്കിലെടുത്ത് ജാമ്യം നിഷേധിക്കാനാവില്ലെന്നും വിചാരണ നടക്കാനിരിക്കുന്ന കേസില്‍ ജാമ്യം നല്‍കാതെ പ്രതിയെ ശിക്ഷിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസാണ് ജാമ്യം അനുവദിച്ചത്.
ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവുമാണ് മുഖ്യവ്യവസ്ഥ. വിചാരണക്കോടതി കേസ് വിളിക്കുമ്പോഴൊക്കെ വീഴ്ച വരുത്താതെ ഹാജരാകണം, നിലവിലെ മേല്‍വിലാസവും മൊബൈല്‍ നമ്പരും കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥനും കൈമാറണം എന്നിങ്ങനെയുള്ള വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2022 ഒക്ടോബര്‍ 17നാണ് കാമുകനായ ഷാരോണ്‍ രാജിനെ ഗ്രീഷ്മ തന്റെ വീട്ടില്‍ വിളിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കിയത്. 2022 ഒക്ടോബര്‍ 25നു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഷാരോണ്‍ മരിച്ചു.
.