താമിര്‍ ജിഫ്രിക്കൊപ്പം അറസ്റ്റിലായവർക്കു ജാമ്യം
Tuesday, September 26, 2023 6:15 AM IST
കൊച്ചി: മലപ്പുറം താനൂര്‍ ലഹരിമരുന്നു കേസില്‍ കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിക്കൊപ്പം അറസ്റ്റിലായ നാലു പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മലപ്പുറം സ്വദേശികളായ മന്‍സൂര്‍, ആബിദ്, ജാബിര്‍, കെ.ടി. മുഹമ്മദ് എന്നിവര്‍ക്കാണ് ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവുമാണ് മുഖ്യവ്യവസ്ഥ.
ശനിയാഴ്ചകളില്‍ രാവിലെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം, തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ല എന്നിങ്ങനെയുള്ള വ്യവസ്ഥകളും ജാമ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയാണ് താമിര്‍ ജിഫ്രിയടക്കമുള്ള പ്രതികളെ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍നിന്ന് എംഡിഎംഎ കണ്ടെടുത്തതായും പോലീസ് വ്യക്തമാക്കിയിരുന്നു.
അറസ്റ്റിലായ താമിര്‍ ജിഫ്രി പോലീസ് കസ്റ്റഡിയില്‍ മരിച്ചു. കസ്റ്റഡിയില്‍ മര്‍ദനമേറ്റതിനെത്തുടര്‍ന്നാണ് താമിര്‍ ജിഫ്രി മരിച്ചതെന്ന കേസില്‍ അന്വേഷണം പിന്നീട് സിബിഐ ഏറ്റെടുത്തിരുന്നു.