ബംപർ കോടീശ്വരൻ കോയന്പത്തൂരിൽ
Thursday, September 21, 2023 1:41 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 25 കോടി രൂപ സമ്മാനത്തുകയുള്ള തിരുവോണ ബംപർ കോയന്പത്തൂർ സ്വദേശിക്ക്.
കോയന്പത്തൂർ, അന്നൂർ സ്വദേശി നടരാജൻ പാലക്കാട് വാളയാറിലെ ബാവ ഏജൻസിയിൽനിന്നു വാങ്ങിയ ടിഇ 230662 നന്പർ ടിക്കറ്റാണ് ഒന്നാം സമ്മാനാർഹമായത്. ഇതുൾപ്പെടെ 10 ടിക്കറ്റുകളാണ് നടരാജൻ വാങ്ങിയത്.
ഒന്നാം സമ്മാനമായി 25 കോടി ലഭിക്കുന്പോൾ രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്കും മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും. നാലാം സമ്മാനം അഞ്ചു ലക്ഷം വീതം 10 പേർക്കാണ്.
തിരുവനന്തപുരം ഗോർഖി ഭവനിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ഗതാഗതമന്ത്രി ആന്റണി രാജു ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. സംസ്ഥാനത്ത് ഇക്കുറി ഒാണം ബംപറിൽ റിക്കാർഡ് വില്പനയാണ് നടന്നത്. ആകെ 75.76 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.