നിപ വൈറസ് കണ്ടെത്താൻ ട്രൂനാറ്റ് പരിശോധനയ്ക്ക് അനുമതി
Thursday, September 21, 2023 12:29 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് പരിശോധിക്കുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താൻ ഐസിഎംആർ അംഗീകാരം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ലെവൽ ടു ബയോസേഫ്റ്റി സംവിധാനമുള്ള ആശുപത്രികൾക്കാണ് അംഗീകാരം നൽകുന്നത്. ഇതിനായി എസ്ഒപി തയാറാക്കും.
ഐസിഎംആറുമായി നടത്തിയ ആശയവിനിമയത്തെ തുടർന്നാണ് നടപടി. ഇതിലൂടെ കൂടുതൽ കേന്ദ്രങ്ങളിൽ പരിശോധന നടത്താനും കാലതാമസമില്ലാതെ നിപ വൈറസ് ഉണ്ടോയെന്നു കണ്ടെത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുമാകുമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ നാലു ദിവസങ്ങളിലായി പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കോഴിക്കോട് ചികിത്സയിലുള്ള ഒൻപതുകാരന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. ഓക്സിജൻ സപ്പോർട്ടും മാറ്റിയിട്ടുണ്ട്.
ചികിത്സയിലുള്ള മറ്റ് മൂന്നു പേരുടെയും ആരോഗ്യനിലയും തൃപ്തികരമാണ്. സംസ്ഥാനത്ത് ഇതുവരെ 323 സാന്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. അതിൽ 317 എണ്ണം നെഗറ്റീവാണ്.
ഇതുവരെ ആറു പോസിറ്റീവ് കേസുകളാണുള്ളത്. ആദ്യ ഇൻക്യുബേഷൻ പീരീഡ് പൂർത്തിയാക്കിയവരെ ഒഴിവാക്കിയ ശേഷം സന്പർക്കപ്പട്ടികയിലുള്ള 980 പേരാണ് ഐസൊലേഷനിലുള്ളത്. 11 പേർ മെഡിക്കൽ കോളജിലെ ഐസോലേഷനിലുണ്ട്.
ഉറവിടം അറിയാൻ മറ്റു മൃഗങ്ങളുടെ സാന്പിളുകളും പരിശോധിക്കുന്നു
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ബാധിച്ച നിപയുടെ ഉറവിടം കണ്ടുപിടിക്കാൻ കൂടുതൽ മൃഗങ്ങളുടെ സാന്പിളുകൾ പരിശോധിക്കാനുള്ള നടപടികളുമായി കേന്ദ്ര മൃഗസംരക്ഷണ വിദഗ്ധ സംഘം.
കോഴിക്കോട്ടെത്തിയ വിദഗ്ധ സംഘം ഇന്നലെ ജില്ലയിലെ നഗര പ്രദേശങ്ങൾ ഉൾപ്പെടെയുള്ള രോഗ ബാധിത പ്രദേശങ്ങളിൽനിന്നു വവ്വാലിനെ കൂടാതെ പട്ടി, പൂച്ച, കാട്ടുപന്നി എന്നിവയുടെ സാന്പിളുകളുമാണു ശേഖരിച്ചത്. കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ഡീനായ ഡോ.പി.കെ. നമീറിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെയും വനംവകുപ്പിന്റെയും സഹകരണത്തോടെയാണു സാന്പിൾ ശേഖരണം നടത്തിയത്.
സാന്പിളുകൾ തുടർപരിശോധനകൾക്കായി ഭോപ്പാലിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലേക്ക് പ്രത്യേക ദൂതൻ മുഖേന അയയ്ക്കുമെന്ന് ജന്തുരോഗ നിയന്ത്രണ പദ്ധതി കോഴിക്കോട് ജില്ലാ കോ-ഓർഡിനേറ്റേർ അറിയിച്ചു.
നിപ രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും ഭാവിയിൽ ഉണ്ടാകാവുന്ന രോഗബാധയെ നേരിടുന്നതിനും ആവശ്യമായ സജ്ജീകരണങ്ങൾ മൃഗസംരക്ഷണ വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിപയുമായി ബന്ധപ്പെട്ട് നിലവിൽ സന്പർക്ക പട്ടികയിലുള്ളത് 980 പേരാണ്. ഒരാളെയാണ് പുതുതായി സന്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇന്നലെ ലഭിച്ച 61 പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്.
നിപ ബാധിച്ച ഒൻപതു വയസുകാരനടക്കം നാലു വ്യക്തികളുടെയും ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്നാണ് ഡോക്ടർമാരുടെ റിപ്പോർട്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.