മന്ത്രിയോട് അയിത്തം കാട്ടിയില്ലെന്ന് അക്കീരമൺ കാളിദാസ ഭട്ടതിരി
Thursday, September 21, 2023 12:29 AM IST
പത്തനംതിട്ട: കണ്ണൂരിലെ ക്ഷേത്രത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനോട് അയിത്തം കാണിച്ചിട്ടില്ലെന്നും പൂജാ നിയമങ്ങൾ പാലിക്കുക മാത്രമാണ് മേൽശാന്തി ചെയ്തതെന്നും യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്.
അയിത്താചാരം ഇപ്പോൾ എങ്ങുമില്ല. പൂജ ചെയ്യുന്നവർക്ക് ബ്രാഹ്മണർ അബ്രാഹ്മണർ എന്ന വ്യത്യാസമില്ല. പൂജ ചെയ്യുന്നതിന് നിഷ്ഠകളുണ്ട്. ദേഹശുദ്ധി വരുത്തി ദേവനെ ആവാഹിച്ച് ദേവനായി മാറിയ ശേഷമാണ് മേൽശാന്തി പൂജ ചെയ്യുന്നത്.
ആ സമയത്ത് ആരെയും സ്പർശിക്കാറില്ല. ദേവസ്വം ബോർഡ് ഭരിക്കുന്നവർക്ക് ഇക്കാര്യങ്ങളിൽ തിരിച്ചറിവുണ്ടാകണം. മന്ത്രി രാധാകൃഷ്ണൻ കാര്യങ്ങൾ തെറ്റിദ്ധരിച്ചിരിക്കുകയാണ്. എട്ടു മാസം മുമ്പു നടന്ന കാര്യമാണ് ഇപ്പോൾ വിവാദത്തിലേക്ക് കൊണ്ടുവന്നിട്ടുള്ളത്.
ഈ കാലഘട്ടത്തിൽ അയിത്തം എന്നത് ചിന്തിക്കാൻപോലും കഴിയില്ല. കണ്ണൂരിലെ ക്ഷേത്രത്തിൽ നടന്നത് ജാതിയുമായി ബന്ധിപ്പിക്കരുത്. ചിലർ ഈ സംഭവം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.