നിയമഭേദഗതിയിലൂടെ ഭൂമിയുടെ ഉപയോഗം ക്രമപ്പെടുത്തും
Wednesday, September 20, 2023 1:49 AM IST
തിരുവനന്തപുരം: ഭൂപതിവു ചട്ടത്തിലെ വ്യവസ്ഥയിൽ പറഞ്ഞതിൽ നിന്നുള്ള വ്യതിയാനം കൊണ്ടുമാത്രം നിർമാണപ്രവർത്തനം തടസപ്പെട്ടവയാണ് ക്രമീകരിക്കാൻ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്രകാരം ക്രമീകരിക്കുന്നതിന് സർക്കാറിന് അധികാരം ലഭിക്കുന്ന വ്യവസ്ഥ 1960ലെ ഭൂപതിവ് നിയമത്തിൽ കൊണ്ടുവരികയാണ് ചെയ്തത്.
കാർഷികവൃത്തിയുൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി പതിച്ചുനൽകിയതും എന്നാൽ ഇപ്പോൾ അതിൽ ഏർപ്പെടാത്തതുമായ ഭൂമി, നിബന്ധനകൾക്കു വിധേയമായി മറ്റേതെങ്കിലും ആവശ്യത്തിനായി പരിവർത്തനം ചെയ്ത് ഉപയോഗിക്കാവുന്ന തരത്തിലാണ് ഭൂപതിവ് നിയമഭേദഗതി വരുന്നത്.
ജീവിതോപാധികൾ കരുപ്പിടിപ്പിക്കാനുതകും വിധം സർക്കാർ നിബന്ധനകൾക്കു വിധേയമായി ഭൂമി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഈ ഭേദഗതികൾ. ഇപ്രകാരം, നിലവിലുള്ള ചെറു നിർമാണങ്ങളും കാർഷികേതര ആവശ്യങ്ങൾക്കായുള്ള ഭൂഉപയോഗങ്ങളും ക്രമവത്കരിക്കാനാണ് നിയമഭേദഗതി ഉദ്ദേശിക്കുന്നത്.
ഇടുക്കി ജനത ജീവനോപാധിക്കായി നടത്തിയ നിർമാണ പ്രവർത്തനങ്ങളിൽ ഒരു നിശ്ചിത അളവുവരെയുള്ളവയ്ക്ക് അപേക്ഷ ഫീസും ക്രമവത്കരിക്കുന്നതിനുള്ള പ്രത്യേക ഫീസും ഈടാക്കി ക്രമപ്പെടുത്താം.
അല്ലാത്തവയ്ക്ക് അപേക്ഷാ ഫീസിനും ക്രമവത്കരിക്കുന്നതിനുള്ള ഫീസിനും പുറമെ സെസ്, വാർഷിക സെസ്, പരിസ്ഥിതി സംരക്ഷണത്തിനുള്ള ഗ്രീൻ ടാക്സ് എന്നിവ ഈടാക്കി ക്രമപ്പെടുത്തുന്ന കാര്യവും ആവശ്യമായ കൂടിയാലോചനകളോടെ തീരുമാനിക്കാം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, മതസ്ഥാപനങ്ങൾ, ആശുപത്രികൾ പോലുള്ള പൊതു ആവശ്യങ്ങൾക്കുള്ള നിർമാണ പ്രവർത്തനങ്ങളെ കാണുന്നത് പ്രത്യേകമായാണ്. വാണിജ്യ ആവശ്യങ്ങൾക്കുള്ള നിർമാണങ്ങളെ പ്രത്യേകമായി കണ്ടുകൊണ്ട് അതി ദീർഘമായ ചർച്ചകളിലൂടെ മാത്രമേ ചട്ടങ്ങൾ രൂപീകരിക്കുകയുള്ളൂ.
ടൂറിസം മേഖലയിലെ പ്രധാന ആവശ്യം ചെരിഞ്ഞ മേഖലകളിലെ നിർമാണ പ്രവർത്തനങ്ങളാണ്. ഇതിൽ പുതിയ കെട്ടിട നിർമാണ ചട്ടം കൊണ്ടുവരുന്ന കാര്യം ഉൾപ്പെടെ സർക്കാരിന്റെ പരിഗണനയിലുണ്ട്.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ കൃഷിക്കായി പതിച്ചു നൽകിയ ഭൂമി പരിവർത്തനം ചെയ്തുപയോഗിക്കാൻ വ്യക്തമായ നിർദേശങ്ങളും വ്യവസ്ഥയുമുള്ള ചട്ടങ്ങളുണ്ട്. ഇതുകൂടി സ്വീകരിച്ചാകും ചർച്ച ചെയ്തു ചട്ടങ്ങൾ നിർമിക്കുകയന്നെും മുഖ്യമന്ത്രി പറഞ്ഞു.