വനിതകൾക്ക് 33 ശതമാനം സംവരണം; മാറ്റം കേരളത്തിലുമുണ്ടാകും
Wednesday, September 20, 2023 1:19 AM IST
സാബു ജോണ്
തിരുവനന്തപുരം: നിയമനിർമാണ സഭകളിൽ വനിതകൾക്ക് 33 ശതമാനം സംവരണം സംസ്ഥാന രാഷ്ട്രീയത്തിന്റെ രീതികൾതന്നെ മാറ്റിമറിച്ചേക്കും. വ്യക്തികൾ മണ്ഡലങ്ങൾ കുത്തകയാക്കി സൂക്ഷിക്കുന്ന രീതികൾ എന്നെന്നേക്കുമായി മാറും. പുരുഷനും സ്ത്രീയും മാറി മാറി ഓരോ മണ്ഡലത്തെയും പ്രതിനിധീകരിക്കുന്ന രീതിയിലേക്കു മാറുന്നതോടെ മണ്ഡലം കാത്തു പരിപാലിക്കുന്ന നിലവിലെ രീതികളും മാറും.
വനിതാ അംഗങ്ങൾ കുറഞ്ഞത് 46 ആകും
കേരള നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വനിതകൾ ഒരു സഭയിൽ വന്നത് 1996ലാണ്. അന്നു 13 വനിതാ അംഗങ്ങളുണ്ടായിരുന്നു. 33 ശതമാനം സംവരണം വരുന്നതോടെ നിയമസഭയിലെ വനിതാ അംഗങ്ങൾ കുറഞ്ഞത് 46 ആകും.
സംവരണ മണ്ഡലങ്ങളിലല്ലാതെ വനിതകൾ മത്സരിച്ചു ജയിച്ചാൽ എണ്ണം വീണ്ടും കൂടാം. ലോക്സഭയിലേക്ക് കേരളത്തിൽനിന്നു കുറഞ്ഞത് ആറു വനിതകൾ എത്തും. ഈ എണ്ണത്തിനടുത്തെങ്ങും വനിതാ പ്രാതിനിധ്യം കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. സംവരണത്തിലൂടെ മാത്രമേ വനിതാ പ്രാതിനിധ്യം വർധിപ്പിക്കാൻ സാധിക്കുകയുള്ളു എന്നു വ്യക്തം.
ഇവിടെ കേരളം പിന്നിൽ
മനുഷ്യവിഭവശേഷി സൂചികയുമായി ബന്ധപ്പെട്ട ഏതാണ്ട് എല്ലാ മേഖലകളിലും കേരളം രാജ്യത്തു മുൻപന്തിയിലാണ്. സ്ത്രീ- പുരുഷ അനുപാതവും മികച്ചതാണ്. എന്നാൽ, നിയമനിർമാണ സഭകളിലെ പ്രാതിനിധ്യത്തിൽ കേരളം ഇതിനൊത്തുയർന്നില്ല. കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായില്ല. മുഖ്യധാരാ പാർട്ടികളുടെ സ്ഥാനാർഥി പട്ടികയിൽ വനിതാ പ്രാതിനിധ്യം ഇന്നും വളരെ കുറവാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 50 ശതമാനം വനിതാ സംവരണം ഏർപ്പെടുത്തിയ ശേഷം തദ്ദേശ സ്ഥാപനങ്ങളിലേക്കു മൂന്നു തെരഞ്ഞെടുപ്പുകൾ നടന്നു. ഇപ്പോൾ അന്പതു ശതമാനത്തിനും മുകളിലാണ് വനിതാ പ്രാതിനിധ്യം.
താഴേത്തട്ടിലെ ജനപ്രാതിനിധ്യത്തിൽ സ്ത്രീ മുന്നേറ്റം ഉണ്ടായെന്ന് അവകാശപ്പെടുന്പോഴും നിയമസഭയിലോ ലോക്സഭയിലോ വനിതാ പ്രാതിനിധ്യത്തിൽ അതു പ്രതിഫലിച്ചില്ല എന്നു കാണാം. വോട്ടർമാരിൽ പകുതിയിലേറെ വരുന്ന സ്ത്രീകൾക്ക് കേരള നിയമസഭയിൽ ഒരിക്കൽപോലും പത്തു ശതമാനം പ്രാതിനിധ്യം ലഭിച്ചിട്ടില്ല. സംസ്ഥാന രാഷ്ട്രീയവും എല്ലാ രാഷ്ട്രീയ പാർട്ടികളും പുരുഷ കേന്ദ്രീകൃതമാണ്.
റിക്കാർഡുകൾ ഇനി തകരില്ല
ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായ റിക്കാർഡും ഏറ്റവും കൂടുതൽ കാലം ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച റിക്കാർഡുകളുമൊക്കെയാണ് കെ.എം. മാണിയും പിന്നീട് ഉമ്മൻ ചാണ്ടിയും കുറിച്ചത്. വനിതാ സംവരണം നടപ്പിലാകുകയും അതു റൊട്ടേഷൻ വ്യവസ്ഥയിലാകുകയും ചെയ്യുന്നതോടെ അവരുടെ റിക്കാർഡുകൾ ഒരിക്കലും തകരില്ലെന്ന് ഉറപ്പിക്കാം. ഓരോ മണ്ഡലവും മൂന്നിലൊരു തവണ വീതം വനിതാ സംവരണ മണ്ഡലമായി മാറും.
വ്യക്തികളെക്കാൾ പാർട്ടികൾ
മിക്ക ജനാധിപത്യ പാർട്ടികളും മികച്ച നേതാക്കളുടെ കരുത്തിലാണ് തെരഞ്ഞെടുപ്പുകൾ ജയിക്കുന്നത്. ഒരു മണ്ഡലത്തിൽ തുടർച്ചയായി മത്സരിക്കാൻ സാധിക്കാതെയാകുന്നതോടെ സ്ഥാനാർഥികൾ മാറി മാറി വരും. പാർട്ടികളുടെ അടിത്തറയും സംഘടനാബലവും കൂടുതൽ പ്രസക്തമാകും. പുതിയ മുഖങ്ങൾ വരുന്നതോടെ രാഷ്ട്രീയം കൂടുതൽ ചലനാത്മകമാകും.
തദ്ദേശ സ്ഥാപനങ്ങളിൽ 50 ശതമാനം സംവരണം വന്നതോടെ പ്രമുഖരായ പ്രാദേശിക നേതാക്കൾ അടുത്തടുത്ത വാർഡുകളിൽ മാറി മാറി മത്സരിക്കുന്ന പ്രവണത പലയിടത്തുമുണ്ട്. വനിതാ വാർഡിൽ നേതാക്കളുടെ ഭാര്യമാർ മത്സരിക്കുന്നതും വ്യാപകമാണ്. നിയമസഭയിലെയും ലോക്സഭയിലെയും തെരഞ്ഞെടുപ്പുകളിൽ ഈ രീതി പിന്തുടരാൻ എളുപ്പമായിരിക്കില്ലെന്നു കരുതാം.
മണ്ഡലം പരിപാലിക്കുന്നതിൽ മിടുക്കരായവർ തുടർച്ചയായി ജയിച്ചു വരുന്നതാണ് കേരളത്തിൽ കണ്ടുവരുന്നത്. തുടർച്ച ഉണ്ടാകില്ലെന്ന് ഉറപ്പായാൽ മണ്ഡലത്തിലെ ദീർഘകാല വികസന പ്രവർത്തനങ്ങളിൽ ജനപ്രതിനിധികൾ ശ്രദ്ധിക്കില്ലെന്ന വാദവും ഉയരുന്നുണ്ട്. താത്കാലിക നേട്ടത്തിനും കൈയടിക്കുമുള്ള പദ്ധതികളിലും പ്രവർത്തനങ്ങളിലുമാകും ജനപ്രതിനിധികളുടെ ശ്രദ്ധ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
നേതാക്കൾ ഉയർന്നുവരട്ടെ
സാക്ഷരതയിൽ കേരളത്തിലെ സ്ത്രീകൾ ഉയർന്ന നില കൈവരിച്ചെങ്കിലും രാഷ്ട്രീയത്തിലേക്ക് ഇപ്പോഴും വളരെ പരിമിതമായി മാത്രമേ അവർ കടന്നുവരുന്നുള്ളു. സംവരണം നടപ്പിലാകുന്നതോടെ കൂടുതൽ സ്ത്രീകൾ ഈ മേഖലയിലേക്കു വരുമെന്നു കരുതാം. രാഷ്ട്രീയ പ്രവർത്തന ശൈലിയിൽ ഇതുവഴി ഗുണപരമായ മാറ്റം വരും. കരുത്തരായ വനിതാ നേതാക്കളുടെ നിരതന്നെ ഉയർന്നു വരാൻ വനിതാ സംവരണം വഴിതെളിച്ചേക്കാം. സ്ത്രീശക്തീകരണ നീക്കങ്ങൾക്കു കുതിപ്പു പകരാൻ നിയമനിർമാണ സഭകളിലെ ഉയർന്ന സ്ത്രീസാന്നിധ്യം സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
വനിതകൾക്ക് ഇടംകൊടുക്കാൻ മടിച്ച് കേരളം
കേരളത്തിലെ ആദ്യ എംഎൽഎ വനിതയായിരുന്നു. ദേവികുളത്തുനിന്നു ജയിച്ച സിപിഐക്കാരിയായ റോസമ്മ പുന്നൂസ് ആണ് 1957ൽ ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്. പ്രോടെം സ്പീക്കറായ അവർ മറ്റ് അംഗങ്ങൾക്കു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എന്നാൽ രാഷ്ട്രീയത്തിലെ സ്ത്രീ മുന്നേറ്റത്തിന് ഇതൊന്നും കാരണമായില്ല.
1957ലെ ഒന്നാം നിയമസഭയിൽ ആറു വനിതകൾ മാത്രമാണുണ്ടായിരുന്നത്. മൊത്തം അംഗങ്ങളിൽ 5.3 ശതമാനം മാത്രം. 1960ലെ രണ്ടാം നിയമസഭയിൽ വനിതാ അംഗങ്ങളുടെ എണ്ണം ഏഴ് ആയി. 1967ൽ കെ.ആർ. ഗൗരിയമ്മ മാത്രം. 1970ൽ രണ്ടു പേർ. 1977ൽ വീണ്ടും ഒരാളായി. 1980ലും 1982ലും അഞ്ചു പേർ വീതം. 1987ലും 1991ലും എട്ടു വനിതകൾ നിയമസഭയിലെത്തി.
1996ലെ 13 അംഗങ്ങൾ എണ്ണത്തിൽ റിക്കാർഡ് ആണ്. 2001ൽ ഒന്പത്, 2006ലും 2011ലും ഏഴു വീതം, 2016ൽ ഒന്പതു പേർ എന്നിങ്ങനെ ആയിരുന്നു വനിതാ എംഎൽഎമാർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ചു വന്നത് 11 പേർ ആയിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലൂടെ ഉമ തോമസ് ജയിച്ചു വന്നതോടെ നിലവിൽ നിയമസഭയിൽ വനിതകളുടെ എണ്ണം 12 ആയി.
കേരളത്തിൽനിന്ന് ഒന്പതു വനിതകൾ മാത്രമാണ് ഇതുവരെയായി ലോക്സഭയിലെത്തിയിട്ടുള്ളത്. നിലവിൽ ഇരുപതംഗങ്ങളിൽ രമ്യ ഹരിദാസിൽ ഒതുങ്ങുന്നു വനിതാ പ്രാതിനിധ്യം.