മന്ത്രിസഭ പുനഃസംഘടനയില്ല, നേരത്തേ പറഞ്ഞ മാറ്റങ്ങൾ നടപ്പാക്കും
Wednesday, September 20, 2023 12:58 AM IST
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന എന്ന വിഷയം എൽഡിഎഫിൽ ചർച്ച ചെയ്തിട്ടില്ലെന്നും എന്നാൽ നേരത്തേ തീരുമാനിച്ച മന്ത്രിസഭയിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ അതേപടി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പത്രസമ്മേളന ത്തിൽ പറഞ്ഞു. പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പാക്കാൻ കെൽപ്പുള്ള മുന്നണിയാണ് എൽഡിഎഫ്. പറഞ്ഞ കാര്യം അതേപടി നടപ്പാക്കും.
സോളാർ ഗൂഢാലോചനയിൽ ഉൾപ്പെട്ടെന്നു സിബിഐ റിപ്പോർട്ടിൽ പറയുന്ന കെ.ബി. ഗണേഷ്കുമാറിനെ മന്ത്രിയാക്കുമോ എന്ന ചോദ്യത്തിന് ഗൂഢാലോചനയുമായി ബന്ധപ്പെട്ടവർ തന്നെ ചില കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടല്ലോ എന്നൊയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഉമ്മൻ ചാണ്ടിയുടെ മരണത്തോടെയുള്ള പ്രത്യേക സാഹചര്യമാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിച്ചത്. ബന്ധപ്പെട്ട എല്ലാവരും അതു വിലയിരുത്തി അഭിപ്രായം മാധ്യമങ്ങളെ അറിയിച്ചിരുന്നു.
താൻ മാധ്യമങ്ങളെ കാണാതിരുന്നത് മാധ്യമങ്ങളെ വേണ്ടെന്നുവച്ചതു കൊണ്ടല്ല. വിദേശ സന്ദർശനത്തിന്റെയും മറ്റും ഘട്ടത്തിൽ ഒരു ഗ്യാപ് വന്നു. തന്റെ ശബ്ദത്തിന്റെ പ്രശ്നങ്ങളും പത്രസമ്മേളനം നടത്തുന്നതിനു തടസമായതായും മുഖ്യമന്ത്രി പറഞ്ഞു.