നൂതന സാങ്കേതിക വൈദഗ്ധ്യവും സ്വഭാവശുദ്ധിയും ഇന്നിന്റെ ആവശ്യം: മാർ ജോസ് പുളിക്കൽ
Wednesday, September 20, 2023 12:31 AM IST
കാഞ്ഞിരപ്പള്ളി: നൂതന സാങ്കേതിക വിദ്യകളിലുള്ള വൈദഗ്ധ്യവും സ്വഭാവ വൈശിഷ്ട്യവും നേടിയ എൻജിനിയർമാരാണ് രാജ്യത്തിനാവശ്യമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ.
അമൽജ്യോതി എൻജിനിയറിംഗ് കോളജിന്റെ 23-ാമത്തെതും ഓട്ടോണമസ് പദവി ലഭിച്ചതിനു ശേഷമുള്ള ആദ്യത്തേതുമായ ബിടെക്, എംടെക്, എംസിഎ ബാച്ചുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കോളജിന്റെ രക്ഷാധികാരികൂടിയായ മാർ ജോസ് പുളിക്കൽ. കടപ്പാടുകളുടെ ഒരു സമ്മിശ്രമാണ് ജീവിതം.
കടന്നുവന്ന വഴിത്താരയിൽ നിരവധി പേരോട് നാം കടപ്പെട്ടിരിക്കുന്നു. മറ്റുള്ളവരുടെ നന്മകളെ സാംശീകരിക്കുന്നതിനും അതുവഴി വ്യക്തിജീവിതത്തിലും ഔദ്യോഗിക തലത്തിലും കൂടുതൽ നേട്ടങ്ങൾ കൊയ്യുന്നതിനും വിദ്യാർഥികൾ യത്നിക്കണം.
ദൈവാശ്രയത്തിൽ അടിത്തറ പാകിയതും മറ്റുള്ളവർക്ക് നന്മ പ്രദാനം ചെയ്യുന്നതുമായ ജീവിത ശൈലി ആവിഷ്കരിക്കാൻ യുവ എൻജിനിയർമാർ മുൻഗണന നൽകണമെന്നും മാർ ജോസ് പുളിക്കൽ കൂട്ടിചേർത്തു.
കാമ്പസിൽനിന്ന് സ്വായത്തമാക്കുന്ന അക്കാഡമിക് മികവും അർപ്പണബോധവുമാണ് പ്രഫഷണൽ ജീവിതത്തിന്റെ അടിത്തറയെന്ന് അമൽജ്യോതി മാനേജിംഗ് ട്രസ്റ്റി ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
അമൽജ്യോതി സ്റ്റാർട്ടപ് വാലി, ഐഡിയ ലാബ്, സ്കിൽ ഡെവലപ്മെന്റ് കേന്ദ്രങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം വിദ്യാർഥികളെ ഓർമിപ്പിച്ചു.
അമൽജ്യോതി മാനേജർ റവ. ഡോ. മാത്യു പായിക്കാട്ട്, ഡയറക്ടർ ഡോ. സെഡ് വി. ളാകപറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, ഹോസ്റ്റൽ ഡയറക്ടർ ഫാ. റോബിൻ മാത്യു പട്ടറ്കാലായിൽ, ഫസ്റ്റ് ഇയർ കോ-ഓർഡിനേറ്റർ ഡോ. റിനോ ലാലി ജോസ് എന്നിവർ പ്രസംഗിച്ചു.