കെഎസ്ഇബി ശന്പളം വർധിപ്പിച്ചതിനെ രൂക്ഷമായി വിമർശിച്ച് സിഎജി റിപ്പോർട്ട്
Sunday, June 11, 2023 12:24 AM IST
തിരുവനന്തപുരം: 2021-ൽ വൈദ്യുതി ബോർഡ് നടപ്പാക്കിയ ശന്പളപരിഷ്കരണം വൈദ്യുതി ഉപഭോക്താക്കൾക്ക് ഇടിത്തീയാണെന്നു കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ കണ്ടെത്തൽ. നിലവിലുളള ശന്പളപരിഷ്്കരണ മാനദണ്ഡങ്ങൾ എല്ലാം മറികടന്ന് ശന്പളവും പെൻഷനും പരിഷ്കരിച്ചതിലൂടെ കോടികളുടെ അധികബാധ്യതയാണ് കെഎസ്ഇബിക്ക് ഉണ്ടാവുന്നത്.
ഈ ബാധ്യത വൈദ്യുത ഉപഭോക്താക്കളിൽനിന്ന് കണ്ടെത്തേണ്ട സ്ഥിതിയുമാണ്. എന്നാൽ മാനദണ്ഡങ്ങൾ പാലിക്കാതെ ശന്പളപരിഷ്കരണം നടപ്പാക്കിയ ബോർഡ് ഓഫ് ഡയറക്ടേഴ്സിനെതിരേ നടപടിവേണമെന്നും സിഎജിയുടെ കരട് റിപ്പോർട്ടിൽ പരാമർശമുണ്ട്.
ശന്പളപരിഷ്കരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന അധിക ബാധ്യത വൈദ്യുതി ബോർഡിന് ഉൗർജ വകുപ്പിൽ നിന്നും ലഭിക്കുന്ന സാന്പത്തിക സഹായത്തിൽ നിന്നു കണ്ടെത്തണമെന്നും സിഎജി കരട് റിപ്പോർട്ടിൽ പരാമർശിക്കുന്നു.
സംസ്ഥാന സർക്കാരും ധനകാര്യവകുപ്പും കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലും നിരവധി തവണ മുന്നറിയിപ്പ് നല്കിയിട്ടും അവയൊന്നും വകവയ്ക്കാതെ വൈദ്യുതി ബോർഡ് ശന്പളവർധന നടപ്പാക്കിയതിനാൽ വരുമാനത്തിന്റെ പകുതിയോളം ശന്പളവും പെൻഷനുമായി നല്കേണ്ട അവസ്ഥയായി.
വൈദ്യുതി ബോർഡ് ജീവനക്കാർക്കുള്ള ക്ഷാമബത്ത മറ്റു സർക്കാർ ജീവനക്കാർക്കുള്ളതിനേക്കാൾ അഞ്ചു ശതമാനം കൂടുതലാണെന്നും സിഎജി വ്യക്തമാക്കുന്നു. ശന്പളപരിഷ്കരണത്തിലൂടെ ഉണ്ടാകുന്ന അധിക ബാധ്യത കണ്ടെത്താനായി യൂണിറ്റിനു 6.46 രൂപ വരെ അധികനിരക്കായി വരുമെന്നും സിഎജി വ്യക്തമാക്കുന്നു.