ടെൻഡർ വ്യവസ്ഥയിൽ ലംഘനമില്ലെന്നു കെ ഫോണ്
Saturday, June 10, 2023 12:13 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കിയ കെ ഫോണ് പദ്ധതിയിൽ മേക്ക് ഇൻ ഇന്ത്യ മാനദണ്ഡം ലംഘിച്ചിട്ടില്ലെന്നു കെ ഫോണ്. ടെൻഡർ വ്യവസ്ഥ ലംഘിച്ച് ചൈനീസ് കേബിൾ വാങ്ങിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നു കെ ഫോണ് എംഡി സന്തോഷ് ബാബു പറഞ്ഞു.
ഒപിജിഡബ്ളിയു കേബിളിന്റെ ഒപ്റ്റിക്കൽ ഫൈബർ ഭാഗം മാത്രമാണ് ചൈനീസ് കന്പനിയായ ടിജിജി-ചൈനയിൽ നിന്നും വാങ്ങിയത്. ടെക്നിക്കൽ കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് കേബിൾ വാങ്ങിയതെന്നും സന്തോഷ് ബാബു പറഞ്ഞു.
ആറു മടങ്ങ് കൂടുതൽ വില നൽകിയാണ് ഒപിജിഡബ്ളിയു കേബിൾ വാങ്ങിയത് എന്ന ആരോപണവും കെ ഫോണ് എംഡി തള്ളി. ഗ്രൗണ്ട് വയറിനേക്കാൾ ആറു മടങ്ങ് വില കൂടുതൽ എന്നാണ് കെഎസ്ഇബി ചൂണ്ടിക്കാണിച്ചത്.
110 കെവി ലൈനിൽ എർത്ത് വയറായി കെഎസ്ഇബി ഉപയോഗിക്കുന്നതിനേക്കാൾ പല മടങ്ങ് വില ഒപിജിഡബ്ല്യു കേബിളിനുണ്ട്. കേബിൾ വാങ്ങിയതുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്ന സാഹചര്യത്തിൽ കെ ഫോണ് മുഖ്യമന്ത്രിയുടെ ഓഫീസിനും ഐടി സെക്രട്ടറിക്കും വിശദീകരണക്കുറിപ്പ് നൽകിയതായും എഡി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ പിഎസ്ഡിഎഫ് ഫണ്ടിൽ നിന്നും ലഭിച്ച 79 കോടി രൂപ ഉപയോഗിച്ച് കെഎസ്ഇബി തന്നെയാണ് ഒപിജിഡബ്ല്യു കേബിൾ വാങ്ങിയത്. കേബിളിന്റെ ഗുണനിലവാരം പരിശോധിക്കണമെന്ന കെഎസ്ഇബി നിർദേശം കെ ഫോണ് പാലിച്ചിട്ടുണ്ട്. രണ്ടു കേന്ദ്രസർക്കാർ പ്രതിനിധികളും രണ്ടു കെഎസ്ഇബി പ്രതിനിധികളും അടങ്ങിയ ടെക്നിക്കൽ കമ്മിറ്റി അംഗീകരിച്ചശേഷമാണ് കേബിൾ വാങ്ങുന്നതിനുള്ള കരാർ നൽകിയത്.
മാനദണ്ഡങ്ങൾ പാലിച്ചാണ് എല്ലാ പ്രവർത്തനങ്ങളും നടന്നത്. ഇന്ത്യയുടെ അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നും സബ് കോന്പോണന്റുകൾ ഇറക്കുമതി ചെയ്യുന്നതിനു തടസമില്ലെന്നു കേന്ദ്ര സർക്കാർ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഫൈബർ മാത്രമാണ് ചൈനയിൽ നിന്നും വാങ്ങിയതെന്നും എംഡി വ്യക്തമാക്കി.