സോളാർ കേസ്: ചുരുളഴിയുന്നത് പിണറായിയുടെ വേട്ടയാടലിന്റെ ചരിത്രം: കെ. സുധാകരൻ
Saturday, June 10, 2023 12:13 AM IST
തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും യുഡിഎഫ് നേതാക്കൾക്കും എതിരേ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയ വേട്ടയാടലിന്റെയും പകപോക്കലിന്റെയും ഞെട്ടിക്കുന്ന ചരിത്രമാണു പുറത്തുവരുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.
സോളാർ കേസിൽ സത്യസന്ധമായ റിപ്പോർട്ട് നൽകിയതിന് അന്നത്തെ സോളാർ അന്വേഷണസംഘത്തലവൻ എ. ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് എഡിജിപി സ്ഥാനത്തു നിന്ന് അപ്രധാനമായ കെഎസ്ആർടിസി എംഡി സ്ഥാനത്തേക്കു പിണറായി വിജയൻ മാറ്റിയത് ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഹേമചന്ദ്രൻ പുറത്തുവിട്ടത്.
അന്വേഷണ സംഘത്തിലെ നാല് ഡിവൈഎസ്പിമാരെയും അപ്രധാന തസ്തികകളിലേക്ക് സ്ഥലംമാറ്റി. പിന്നീട് ഐപിഎസ് വരെ ലഭിച്ച മിടുക്കരായ ഉദ്യോഗസ്ഥരായിരുന്നു ഇവർ. അതൊന്നും പരിഗണിക്കാതെയാണ് ഇവരുടെ കരിയർ തന്നെ നശിപ്പിക്കാൻ പിണറായി തുനിഞ്ഞത്.
ലൈഫ് മിഷൻ കോഴയിടപാടും പെരിയ ഇരട്ടക്കൊലപാതകവും മട്ടന്നൂർ ഷുഹൈബ് വധക്കേസും സിബിഐ അന്വേഷിക്കാതിരിക്കാൻ കോടികൾ ചെലവഴിക്കുകയും സിബിഐ അന്വേഷണത്തിനെതിരേ നിയമം പാസാക്കുകയും ചെയ്തവരാണ് സോളാർ കേസിൽ സിബിഐയുടെ പിറകെ പോയത്.
സോളാർ കേസിൽ ഹൈക്കോടതിയിൽനിന്ന് രൂക്ഷവിമർശനം ഉണ്ടായിട്ടും സോളാർ കമ്മീഷൻ റിപ്പോർട്ടിൽനിന്ന് പരാതിക്കാരിയുടെ കത്തുവരെ ഹൈക്കോടതി നീക്കം ചെയ്തതിട്ടും പിണറായി വേട്ടയാടൽ തുടരുകയാണ് ചെയ്തതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.