ബഹിരാകാശ ദൗത്യങ്ങള്‍ക്കൊരുങ്ങി കേരളത്തിന്റെ സ്വന്തം എയ്റോസ്പേസ് സ്റ്റാര്‍ട്ടപ്പ്
Saturday, June 10, 2023 12:13 AM IST
കൊച്ചി: യുവ എൻജിനിയര്‍മാരുടെ കൂട്ടായ്മയില്‍ പിറന്ന കേരളത്തിന്റെ ആദ്യത്തെ എയ്റോസ്പേസ് സ്റ്റാര്‍ട്ടപ്പായ ‘ഐ എയ്റോ സ്കൈ’ ബഹിരാകാശ ദൗത്യങ്ങള്ക്കൊരുങ്ങുന്നു. റോബോട്ടിക്സ് മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഐ ഹബ് റോബോട്ടിക്സിന്റെ അനുബന്ധ സ്ഥാപനമായ ഐ എയ്റോ സ്കൈ നിര്‍മിച്ച ആദ്യ കമ്യൂണിക്കേഷന്‍ സാറ്റലൈറ്റിന്റെ പ്രഖ്യാപനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മന്ത്രി പി. രാജീവ് ഇടപ്പള്ളിയില്‍ നിര്‍വഹിക്കും. ഐ ഹബ് റോബോട്ടിക്സിന്റെ പുതിയ പ്രൊഡക്ഷന്‍ ഹൗസ് ഉദ്ഘാടനവും നടക്കും.
ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പിനാരായണന്റെ പേരാണ് സാറ്റലൈറ്റിനു നല്‍കിയിരിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കിയ നമ്പി സാറ്റ് 1 ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രമോഷന് ആന്‍ഡ് ഒാതറൈസേഷന്‍ സെന്ററിന്റെ (ഇന്‍-സ്പേസ്) സഹകരണത്തോടെ ഐഎസ്ആര്‍ഒയുടെ റോക്കറ്റില്‍ വിക്ഷേപിക്കാനായി രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. എയ്റോ സ്കൈ സ്വന്തമായി വികസിപ്പിക്കുന്ന ആദ്യ റോക്കറ്റ് 2025ല്‍ പൂര്‍ത്തിയാക്കി 2026-ഓടെ വിക്ഷേപിക്കും.
2026-ഓടെ കുറഞ്ഞ ചെലവില്‍ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളും റോക്കറ്റുകളും വിക്ഷേപിച്ച് ആശയവിനിമയ സാങ്കേതികവിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനാണു കമ്പനി ലക്ഷ്യമിടുന്നതെന്ന് ഐ ഹബ് റോബോട്ടിക്സ് സിഇഒ ആദില്‍ കൃഷ്ണ പറഞ്ഞു.