ട്രെയിൻ കത്തിച്ച കേസ്: മൊഴിയിൽ വൈരുദ്ധ്യം പ്രതിയെ തലശേരിയിലെത്തിച്ച് തെളിവെടുത്തു
Saturday, June 10, 2023 12:13 AM IST
തലശേരി: കണ്ണൂര്‍ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് ട്രെയിനിനു തീയിട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതിയുടെ മൊഴികളിൽ വൈരുദ്ധ്യം. സംഭവം നടന്നതിനു പിന്നാലെ അറസ്റ്റിലായ സമയത്ത് താൻ തലശേരിയിൽനിന്നു നടന്നാണ് കണ്ണൂരിലെത്തിയതെന്നായിരുന്നു പ്രതി പ്രസോൺജിത്ത് സിക്തർ (40) പറഞ്ഞിരുന്നത്. ഇന്നലെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യംചെയ്യലിൽ, താൻ തലശേരിയിൽനിന്ന് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിൽ കയറിയാണ് കണ്ണൂരിലെത്തിയതെന്നാണു മൊഴി നൽകിയത്.
റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നു ലഭിച്ച ഷൂവിനു തീകൊടുത്താണു ട്രെയിനിനു തീയിട്ടതെന്ന മൊഴിയും പ്രതി മാറ്റി. ട്രെയിനിലെ പതിനേഴാമത്തെ കോച്ചിൽനിന്നു ലഭിച്ച ഷൂ ഉപയോഗിച്ചാണു തീയിട്ടതെന്നാണ് ഇപ്പോൾ മൊഴി നൽകിയിരിക്കുന്നത്. മറ്റൊരു കോച്ചും തീയിടാൻ ശ്രമിച്ചെന്നും പുതിയ മൊഴിയിൽ പറയുന്നു. പ്രതിയുമായി പോലീസ് ഇന്നലെ തലശേരി റെയിൽവേ സ്റ്റേഷനിലെത്തി തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിൽ ട്രെയിനിൽ ഓടിക്കയറുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
സംഭവം നടക്കുന്നതിനു രണ്ടു ദിവസം മുന്‍പാണു താൻ തലശേരിയിലെത്തിയതെന്നും പ്രതി പറഞ്ഞു. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലായിരുന്നു പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. പ്രതി പറയുന്ന സഞ്ചാരദിശകള്‍ ശരിയാണോയെന്നു മനസിലാക്കാനായിരുന്നു തെളിവെടുപ്പ്.
കണ്ണൂര്‍ ടൗൺ പോലീസ് ഇന്‍സ്പെക്ടര്‍ ബിനു മോഹനന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പു നടത്തിയത്. എരഞ്ഞോളി പാലം പരിസരത്തും ഇയാൾ താമസിച്ച സ്ഥലത്തും തെളിവെടുപ്പു നടത്തി. കുറഞ്ഞ സമയം മാത്രമാണ് തെളിവെടുപ്പിനായി റെയില്‍വേ സ്റ്റേഷനില്‍ അന്വേഷണ സംഘം ചെലവഴിച്ചത്. തലശേരി എസ്ഐ സജേഷ് സി.ജോസ്, ആർപിഎഫ് എസ്ഐ കെ.വി. മനോജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.