കാലവർഷം 48 മണിക്കൂറിൽ
Thursday, June 8, 2023 3:21 AM IST
തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറൻ കാറ്റ് ശക്തിയാർജിച്ചതിനു പിന്നാലെ കാലവർഷം കേരളതീരത്ത് എത്തിച്ചേരാനുള്ള സാഹചര്യങ്ങളെല്ലാം അനുകൂലമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
അതേസമയം, അറബിക്കടലിൽ രൂപംകൊണ്ട ബിപർജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിയായി. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് വ്യാപക മഴയ്ക്കും സാധ്യതയുണ്ട്. 145 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും.
ചുഴലിക്കാറ്റിന്റെ സ്വാധീനം കേരളത്തിൽ കാലവർഷം എത്തിച്ചേരാനുള്ള അനുകൂല സാഹചര്യമൊരുക്കും. ഇതിനു പുറമെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത നാല് ദിവസം ചില സ്ഥലങ്ങളിൽ കനത്ത മഴ പെയ്യും.
ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നാളെയും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശനി, ഞായർ ദിവസങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ അതിശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. കടലിൽ പോയവർ എത്രയും വേഗം തിരിച്ചെത്തണമെന്നും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.