കുഴിക്കാട്ടുശേരി തീർഥാടനകേന്ദ്രമൊരുങ്ങി വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ ഇന്ന്
Thursday, June 8, 2023 2:42 AM IST
കുഴിക്കാട്ടുശേരി (മാള): കുടുംബങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ ആഘോഷത്തിനായി കുഴിക്കാട്ടുശേരി തീർഥാടന കേന്ദ്രമൊരുങ്ങി. വിശുദ്ധ മറിയം ത്രേസ്യ- ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർഥാടന കേന്ദ്രത്തിൽ വിശുദ്ധയുടെ തിരുനാൾ ഇന്ന് ആഘോഷിക്കും.
രാവിലെ 9.30 നുള്ള ആഘോഷമായ തിരുനാൾ കുർബാനയിൽ ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികനാകും. രാവിലെ ആറ്, ഏഴ്, ഉച്ചയ്ക്ക് 12, ഉച്ചതിരിഞ്ഞ് മൂന്ന്, വൈകിട്ട് ഏഴ് സമയങ്ങളിൽ ദിവ്യബലി. രാവിലെ 8.30 ന് നേർച്ചഭക്ഷണം ആശീർവദിച്ച് വിതരണം തുടങ്ങും. ഉച്ചതിരിഞ്ഞ് മൂന്നിനുള്ള ദിവ്യബലിയെ തുടർന്ന് വിശുദ്ധയുടെ തിരുശേഷിപ്പു വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം. തുടർന്ന് തിരുശേഷിപ്പ് വണക്കം.
തീർഥാടന കേന്ദ്രത്തിലെത്തുന്ന എല്ലാവർക്കും തിരുക്കർമങ്ങളിലും ഊട്ട് നേർച്ചയിലും പങ്കെടുക്കുന്നതിനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തീർഥാടന കേന്ദ്രവും പരിസരങ്ങളും പ്രദക്ഷിണവീഥിയും അലംകൃതമായി.
തീർഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും സജ്ജമാണ്. സഹായത്തിനായി പോലീസ്, അഗ്നി രക്ഷാ സേന, വളണ്ടിയേഴ്സ് എന്നിവരുടെ സേവനവുമുണ്ട്. അത്യാവശ്യ ഘട്ടത്തിൽ ഉപയോഗപ്പെടുത്താൻ മെഡിക്കൽ ടീമും ഇവിടെയുണ്ട്.
എട്ടാമിട തിരുനാൾ 15ന് ആഘോഷിക്കും. അന്ന് രാവിലെ 10.30 ന് ആഘോഷമായ ദിവ്യബലി. തുടർന്ന് പ്രദക്ഷിണം, തിരുശേഷിപ്പു വണക്കം എന്നിവ നടക്കും.
തിരുനാളിനു മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിൽ കുടുംബസംഗമവും ഹോളി ഫാമിലി അത്മായ കൂട്ടായ്മയും ഒരുക്കങ്ങൾ വിലയിരുത്തി വിവിധ വകുപ്പുകളുടെ ഉന്നതതല യോഗവും നടത്തി. തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്.