പരീക്ഷയെഴുതാതെ ജയിച്ച എസ്എഫ്ഐ നേതാവ് തോറ്റു !
Wednesday, June 7, 2023 12:48 AM IST
കൊച്ചി: പരീക്ഷയെഴുതാതെ എസ്എഫ്ഐ നേതാവിനെ വിജയിപ്പിച്ച കോളജ് അധികൃതർ സംഭവം വിവാദമായതോടെ മാർക്ക് ലിസ്റ്റ് തിരുത്തി. എറണാകുളം മഹാരാജാസ് കോളജിലെ പിജി വിദ്യാര്ഥിയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ പി.എം. ആര്ഷോയെയാണു പരീക്ഷയെഴുതാതെ വിജയിപ്പിച്ചത്.
എംഎ ആര്ക്കിയോളജി മൂന്നാം സെമസ്റ്റര് പരീക്ഷയുടെ മാര്ക്ക് ലിസ്റ്റിലാണ് വിഷയങ്ങളും മാര്ക്കും ഇല്ലെങ്കിലും പാസായതായി രേഖപ്പെടുത്തിയത്. 2021 ലാണ് ആര്ഷോ കോളജില് പ്രവേശനം നേടിയത്. 2022 ഡിസംബറില് നടന്ന പരീക്ഷയില് ക്രിമിനല് കേസില് ജയിലിലായിരുന്ന ആര്ഷോയ്ക്ക് ആവശ്യത്തിനു ഹാജരില്ലാത്തതിനാല് പരീക്ഷയെഴുതാന് അനുമതി ഉണ്ടായിരുന്നില്ല. മാര്ച്ചിലാണ് ഈ പരീക്ഷയുടെ ഫലം വന്നത്.
മാര്ക്ക് ലിസ്റ്റില് ആര്ക്കിയോളജിക്ക് ആര്ഷോയ്ക്ക് പൂജ്യം മാര്ക്കാണെങ്കിലും പാസ്ഡ് എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാണു വിവാദമായത്. അതേസമയം, നാഷണല് ഇന്ഫര്മാറ്റിക്സ് സെന്ററിന്റെ കേന്ദ്രീകൃത സോഫ്റ്റ്വേറില് വന്ന പാളിച്ചയാണ് ഇതിനു പിന്നിലെന്ന് കോളജ് പ്രിന്സിപ്പല് വി.എസ്. ജോയി പറഞ്ഞു.