ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നേരേയുള്ള ആക്രമണങ്ങളില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് കെസിബിസി
Wednesday, June 7, 2023 12:48 AM IST
കൊച്ചി : ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നേരേയുണ്ടാകുന്ന ആക്രമണങ്ങൾ ഉത്കണ്ഠ ഉണര്‍ത്തുന്നതാണെന്ന് കെസിബിസി. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തില്‍ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. എന്നാല്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് കോളജില്‍ ആസൂത്രിതമായി അരങ്ങേറിയ സംഘര്‍ഷാവസ്ഥയില്‍ മെത്രാന്‍സമിതി ഉത്കണ്ഠയും ദുഃഖവും പ്രകടിപ്പിച്ചു.
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ സംരക്ഷണവും ശ്രദ്ധയും ഏറ്റവും അടിയന്തരമായി ഉണ്ടാകണമെന്ന് സമിതിക്കുവേണ്ടി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അഭ്യര്‍ഥിച്ചു. നീതിപൂര്‍വമായ അന്വേഷണത്തോടും നടപടികളോടും സഭ പൂര്‍ണമായി സഹകരിക്കും. എന്നാല്‍ കോളജിന്റെ സംരക്ഷണവും വിദ്യാര്‍ഥികളുടെ പഠനാന്തരീക്ഷവും അടിയന്തരമായി ഉറപ്പുവരുത്തണമെന്നും മെത്രാൻസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.