പ്രകൃതിസ്നേഹം ഊട്ടി വളർത്താൻ കാരിത്താസ് ആശുപത്രി
Tuesday, June 6, 2023 12:38 AM IST
കോട്ടയം: കാരിത്താസില് ഒരു കുട്ടി ജനിക്കുമ്പോള് പ്രകൃതിയില് ഒരു മരവും ജനിക്കുന്നു. തെള്ളകം കാരിത്താസ് ആശുപത്രിയില് ജനിക്കുന്ന നവജാത ശിശുക്കൾ വീട്ടിലേക്കു മടങ്ങുമ്പോഴാണ് ഒരോ ഫലവൃക്ഷത്തെെകള് സമ്മാനിക്കുന്നത്.
കുഞ്ഞുങ്ങളിലും മാതാപിതാക്കളിലും പ്രകൃതി സ്നേഹം വളര്ത്തുന്നതിനും പ്രകൃതിയെ സ്നേഹിച്ചും പ്രകൃതിയുടെ നന്മ അറിഞ്ഞും കുട്ടികള് വളര്ന്നു പ്രകൃതിയെ സംരക്ഷിക്കുന്ന ഒരു തലമുറ രൂപപ്പെടുന്നതിനും കാരിത്താസ് ആശുപത്രിയിലെ പാസ്റ്ററല് ആന്ഡ് സോഷ്യല് കെയര് ഡിപ്പാര്ട്ടുമെന്റിന്റെ ആഭിമുഖ്യത്തിലാണ് ഈ പദ്ധതി നടപ്പിലാക്കിവരുന്നത്.
കാരിത്താസ് ആശുപത്രിയുടെ 60-ാം വാര്ഷികത്തിന്റെ ഭാഗമായി കഴിഞ്ഞ വര്ഷം പരിസ്ഥിതി ദിനത്തില് പദ്ധതി ആരംഭിച്ചെങ്കിലും ഔദ്യോഗികമായി പൂര്ണരീതിയില് തുടക്കം കുറിച്ചത് ഓഗസ്റ്റ് ഒന്നിനാണ്. ഈ പദ്ധതിയില് ഇതുവരെ 5500 ലധികം കുട്ടികള്ക്ക് തൈകള് സമ്മാനിച്ചു. പ്ലാവ്, മാവ്, സപ്പോട്ട, റംബൂട്ടാന്, പേര എന്നിവയുടെ തൈകളാണ് നല്കുന്നത്.
കാരിത്താസ് ആശുപത്രിയിലെ മുഴുവന് ജീവനക്കാരുടെയും ജന്മദിനത്തിലും സ്റ്റാഫംഗങ്ങള്ക്ക് ഓരോ തൈ സമ്മാനിക്കുന്നുണ്ട്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാരിത്താസ് അശുപത്രി അധികൃതര് ഇതുവരെ തൈകള് സമ്മാനിച്ച വ്യക്തികളുടെ വീടുകള് സന്ദര്ശിച്ചു തൈകളുടെ വളര്ച്ചയും പരിപാലനവും നിരീക്ഷിച്ചു.
ഏറ്റവും നല്ല രീതിയില് തൈകള് സംരക്ഷിക്കുന്നവര്ക്ക് സമ്മാനം ഏര്പ്പെടുത്താനും പാസ്റ്ററല് ആന്ഡ് സോഷ്യല് കെയര് ഡിപ്പാര്ട്ടുമെന്റ് തീരുമാനിച്ചിട്ടുണ്ട്. ആശുപത്രി ഡയറക്ടര് റവ.ഡോ. ബിനു കുന്നത്ത്, പാസ്റ്ററല് ആന്ഡ് സോഷ്യല് കെയര് ഡിപ്പാര്ട്ടുമെന്റ് അംഗങ്ങളായ ഫാ. മാത്യു ചാലിശേരി, ഫാ. എബി അലക്സ് വടക്കേക്കര, ഫാ. ബ്രസണ് ഉഴുങ്ങാലില്, ഫാ. ഏബ്രഹാം പാറടിയില്, ചിഞ്ചു കുഞ്ഞുമോന്, ആഷ്ലി സാബു, മാത്യു റോബര്ട്ട് എന്നിവരാണു പദ്ധതിക്ക് നേതൃത്വം നല്കുന്നത്.