നാലുവർഷ ബിരുദ കോഴ്സ് ഇക്കൊല്ലം ഇല്ല
Tuesday, June 6, 2023 12:38 AM IST
തിരുവനന്തപുരം: നാലുവർഷ ബിരുദകോഴ്സ് ഈ അധ്യയനവർഷം സംസ്ഥാനത്തെ ഒരു സർവകലാശാലകളിലും പൂർണമായി നടപ്പാക്കില്ല. ഇന്നലെ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് സർവകവലാശാല വൈസ് ചാൻസലർമാരും രജിസ്ട്രാർമാരും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. കേരള സർവകലാശാല പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് കോഴ്സുകൾ ഇക്കൊല്ലം ആരംഭിക്കും.
നാലുവർഷ ബിരുദ കോഴ്സുകൾ സംബന്ധിച്ച് സംസ്ഥാനത്തെ സർവകലാശാലകൾ ഒന്നും സിലബസ് തയാറാക്കിയിട്ടില്ല. എന്നാൽ നാലുവർഷ ബിരുദ കോഴ്സുകൾ ഇക്കൊല്ലം തന്നെ തുടങ്ങണമെന്ന നിലപാടിലായിരുന്നു ഉന്നതവിദ്യാഭ്യാസ കൗണ്സിൽ. ഇന്നലെ നടന്ന യോഗത്തിൽ ഈ വർഷം കോഴ്സ് ആരംഭിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ സർവകലാശാല അധികാരികൾ വ്യക്തമാക്കി.