പ്രിയോര്മാവിനു പറയാനുണ്ട് ഒരു പുണ്യാളന്റെ കഥ
ജോണ്സണ് വേങ്ങത്തടം
Monday, June 5, 2023 12:59 AM IST
മാന്നാനം: മാന്നാനം കുന്നിന്റെ മാവുകള്ക്കു ഒരു പുണ്യാളന്റെ കഥ പറയാനുണ്ട്. ഈ മാവുകള് പ്രിയോര് മാവുകൾ എന്നാണറിയപ്പെടുന്നത്. പ്രിയോര് മാങ്ങയ്ക്ക് ഏതാണ്ട് ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമാണുള്ളത്. കൃത്യമായി പറഞ്ഞാല് ചാവറയച്ചനോളം പഴക്കം. വാഴ്ത്തപ്പെട്ടവനെന്ന് ചാവറയച്ചനെ വിളിക്കുന്ന കാലംവരെ അദ്ദേഹം അറിയപ്പെട്ടിരുന്നത് ‘വലിയ പ്രിയോരച്ചന്’ എന്നാണ്. അന്നുവരെ സഭാംഗങ്ങൾക്കും പൊതുജനങ്ങള്ക്കും ഒരൊറ്റ പ്രിയോരെ ഉണ്ടായിരുന്നുള്ളൂ. അത് ചാവറയച്ചനായിരുന്നു. പ്രിയോര് നട്ട മാവ് പ്രിയോര് മാവായി. മാന്നാനം ആശ്രമത്തില് മൂന്നു തലമുറ മാവുകളുണ്ട്.
മാവ് പറയുന്ന കഥ
പാറായി തോമയും അരണാട്ടുകര തരകന് വൈദ്യരും ചാവറ പിതാവിന്റെ ഉറ്റ സുഹൃത്തുക്കളായിരുന്നു. ഒരിക്കല് പാറായി തോമ ഗോവയില് വിശുദ്ധ ഫ്രാന്സിസ് സേവ്യറിന്റെ പുജ്യശരീരം സന്ദര്ശിക്കാന് ഗോവയ്ക്കു പോയി. ഗോവ വിശേഷം പങ്കുവയ്ക്കാന് എത്തിയ വൈദ്യര് ചാവറ പിതാവിനൊരു ഒരു പൊതിസമ്മാനം കൊടുത്തു. പൊതി തുറന്നു നോക്കിയപ്പോള് അതില് വാടിയതും ചുങ്ങിയതും നന്നായി മൂത്തു പഴുത്തതുമായ പ്രത്യേകതരം മാങ്ങകള്.
അഞ്ചോ ആറോ മാങ്ങകള് ഉണ്ടായിരുന്നു. മൂത്തു പഴുത്ത മാങ്ങകള് മാറ്റി വച്ചു. മറ്റു മാങ്ങകള് കര്മ്മലീത്തമഠത്തിലേക്കു കൊടുത്തയച്ചു. ഇതോടൊപ്പം ചെറിയൊരു കുറിപ്പും കൊടുത്തു വിട്ടു. അതില് ഇങ്ങനെയാണ് എഴുതിയിരുന്നത്. ഈശോ തമ്പുരാന്റെ മഹത്വം വിതറാന് ഈ തൈകള്ക്ക് കഴിയട്ടെ. മാറ്റിവച്ച മാങ്ങകളുടെ വിത്തുകള് ഭദ്രമായി പാകി മുളപ്പിച്ചു. മുളപ്പിച്ച തൈകള് ഓരോ കൊവേന്തയിലേക്കു കൊടുത്തയച്ചു. 1871ല് ചാവറയച്ചന് ദിവംഗതനായി. വര്ഷങ്ങള് കഴിഞ്ഞു. പ്രിയോരച്ചന് നട്ടമാവ് വളര്ന്ന് പന്തലിച്ച് പൂക്കാന് തുടങ്ങി.
നിറയെ മാങ്ങകളുണ്ടായി. ഈ മാങ്ങ രുചിച്ചവര് പ്രിയോര്മാങ്ങ എന്നു പേരിട്ടു. ചുരുക്കത്തില് പ്രിയോരച്ചന് (ചാവറയച്ചന്) നട്ടുവളര്ത്തിയ മാവിന്റെ മാങ്ങ, മാങ്ങകളില് കേമനായി മാറി. കേരളത്തിലും കേരളത്തിനു പുറത്തും ഒട്ടുമിക്ക സിഎംഐ ആശ്രമങ്ങളിലും സിഎംസി മഠങ്ങളിലും പ്രിയോര്മാവ് കാണാം. കൂടാതെ പ്രധാന നഗരങ്ങളിലും പ്രിയോര്മാങ്ങ എന്ന ബ്രാന്ഡില് തന്നെയാണു വിറ്റഴിക്കപ്പെടുന്നത്.
വിശുദ്ധന്റെ സ്മരണ
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രിയോര്മാവിനു കൂടുതല് പ്രചാരണം നല്കാനാണ് മാന്നാനം ആശ്രമത്തിലെ പ്രിയോര് ഫാ. കുര്യന് ചാലങ്ങാടിയുടെ നേതൃത്വത്തില് സഭ തീരുമാനിച്ചിരിക്കുന്നത്. പരിസ്ഥിതിദിനമായ ഇന്ന് അപ്പര്കുട്ടനാട് വികസനസമിതിയുടെ നേതൃത്വത്തില് ഹരിതഗൃഹം പദ്ധതിയുടെ ഭാഗമായി പ്രിയോര് മാവിന്തൈ മോന്സ് ജോസഫ് എംഎല്എയുടെ പുരിയിടത്തില് നടും. മാന്നാനം ആശ്രമം പ്രിയോര് ഫാ. കുര്യന് ചാലങ്ങാടി, സിഎംഐ കോര്പറേറ്റ് മാനേജര് ഫാ. ജയിംസ് മുല്ലശേരി, ഫാ. ആന്റണി കാഞ്ഞിരത്തിങ്കല്, അപ്പര് കുട്ടനാട് വികസന സമിതി പ്രസിഡന്റ് അജി കെ. ജോസ്, സെക്രട്ടറി കുഞ്ഞ് കളപ്പുര എന്നിവര് ചടങ്ങിനു നേതൃത്വം നല്കും.