കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികൾ; എതിർപ്പുമായി എം.കെ. രാഘവൻ എംപി
Monday, June 5, 2023 12:31 AM IST
കോഴിക്കോട്: കോൺഗ്രസ് ബ്ലോക്ക് ഭാരവാഹിപട്ടികയിൽ നിരവധി അപാകതകൾ ഉണ്ടെന്ന ആരോപണവുമായി എം.കെ. രാഘവൻ എംപി.
ഭാരവാഹി തെരഞ്ഞെടുപ്പിൽ പാലിക്കേണ്ട മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണു പട്ടിക പ്രസിദ്ധീകരിച്ചതെന്നു രാഘവൻ കോഴിക്കോട്ട് മാധ്യമങ്ങളോടു പറഞ്ഞു.
സാമുദായിക സന്തുലിതാവസ്ഥ പാലിച്ചില്ലെന്ന പരാതി വ്യാപകമായി ഉയർന്നിട്ടുണ്ട്. വിഷയത്തിൽ നിർബന്ധമായും കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഇടപെടണം. ഭാരവാഹിപട്ടികയോട് ഗൗരവമായ സമീപനമാണു വേണ്ടത്. അതാത് ഇടങ്ങളിലെ എംപിമാരോട് ആശയ വിനിമയം നടത്തി അന്തിമ തീരുമാനം എടുക്കുമെന്നായിരുന്നു മുമ്പ് പറഞ്ഞത്. എന്നാൽ അത് പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട് നേതൃയോഗത്തിലും കൂടിയാലോചനകൾക്കു ശേഷമേ ഭാരവാഹികളെ തീരുമാനിക്കാവൂ എന്ന് തീരുമാനിച്ചിരുന്നു. ഇതൊന്നും പാലിക്കാതെയാണ് നേതാക്കൾ മുന്നോട്ടുപോകുന്നത്. കെപിസിസി നേതൃത്വം വിഷയം ഗൗരവമായി പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും എം.കെ. രാഘവൻ പറഞ്ഞു.