റെയിൽവേ സുരക്ഷ : ഭൂരിഭാഗം മെറ്റല്‍ ഡിറ്റക്ടറുകളും ബാഗേജ് സ്കാനറുകളും നോക്കുകുത്തി
Saturday, June 3, 2023 1:52 AM IST
കോഴിക്കോട്: ട്രെയിനുകളില്‍ തീക്കളി തുടരുമ്പോഴും പാഠം പഠിക്കാതെ റെയില്‍വേ. പ്രധാന സ്റ്റേഷനുകളിലെ പോലും മെറ്റല്‍ ഡിറ്റക്ടറുകളും ബാഗേജ് സ്കാനറുകളും പ്രവര്‍ത്തനരഹിതമാണ്. സുരക്ഷാച്ചുമതലയുള്ള റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) നോക്കുകുത്തിയായി മാറുന്ന അവസ്ഥയാണെന്നാണു പരക്കെ ആക്ഷേപമുയരുന്നത്.
യാത്രക്കാർ പ്ലാറ്റ്ഫോം മുറിച്ചുകടക്കുന്നതിനും മറ്റും പിഴ ഈടാക്കുന്നതിൽ ഒതുങ്ങുന്നു ഇവരുടെ സേവനം. സേനയ്ക്ക് അംഗബലം കുറവെന്ന സ്ഥിരം പല്ലവിയാണു മറുപടി. പാലക്കാട് ഡിവിഷനില്‍ റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ 89 പേരുടെ ഒഴിവ് നികത്താനുണ്ട്.
ഇതിനു പുറമേ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട തിരുവനന്തപുരം സ്റ്റേഷനില്‍ സുരക്ഷയ്ക്കുളള മെറ്റല്‍ ഡിറ്റക്ടര്‍ നാലില്‍ മൂന്നും കേടായ നിലയിലാണ്. കോഴിക്കോട് ആറില്‍ നാലു മെറ്റല്‍ ഡിറ്റക്ടറുകളും സ്കാനറും പ്രവര്‍ത്തിക്കുന്നില്ല. പാലക്കാട് ജംഗ്ഷനിലും ഷൊര്‍ണൂരിലും ചുറ്റുമതില്‍ സുരക്ഷ ഭാഗികമാണ്. കണ്ണൂരില്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിനു തീപിടിച്ച ഇടത്തും സമാനസ്ഥിതി.
ഏലത്തൂരിലെ തീവയ്പിനു ശേഷം സുരക്ഷ കൂട്ടുമെന്നു പ്രഖ്യാപിച്ചെങ്കിലും നടന്നില്ല.വന്ദേഭാരത് ഉള്‍പ്പെടെയുളള പുതിയ ട്രെയിനുകളിലും മെമു ട്രെയിനുകളിലും മാത്രമാണു സിസിടിവി സംവിധാനമുളളത്.
ഏലത്തൂർ തീവയ്പ് കേസ് പ്രതി ഷാരൂഖ് ഷൊർണൂരിൽനിന്ന് ഏലത്തൂർ വരെയും തീവയ്പിനു ശേഷം കണ്ണൂർ വരെയും ടിക്കറ്റില്ലാതെ യാത്ര ചെയ്തിട്ടും മനസിലാക്കാന്‍ കഴിയാതെ പോയത് സിസിടിവി ദൃശ്യങ്ങള്‍ ട്രെയിനിനുള്ളില്‍ ഇല്ലാത്തതുകൊണ്ടായിരുന്നു.