തൊണ്ടിമുതലുകള്‍ നശിപ്പിക്കൽ: ഹൈക്കോടതി റിപ്പോര്‍ട്ട് തേടി
Saturday, June 3, 2023 1:52 AM IST
കൊച്ചി: കൊലപാതക കേസില്‍ പ്രതികളെ വെറുതേ വിട്ടതിനെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കെ വിചാരണക്കോടതിയുടെ ഉത്തരവനുസരിച്ച് തൊണ്ടിമുതലുകള്‍ നശിപ്പിക്കുന്നെന്ന പരാതിയില്‍ ഹൈക്കോടതി ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ടു തേടി.
കൊല്ലം മൈലക്കാട് ജോസ് സഹായന്‍ വധക്കേസിലെ തൊണ്ടിമുതലുകള്‍ നശിപ്പിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് ഇയാളുടെ ഭാര്യ ലിസി നല്കിയ ഉപഹര്‍ജിയില്‍ ജസ്റ്റീസ് ബെച്ചു കുര്യന് തോമസാണ് റിപ്പോര്‍ട്ട് തേടിയത്.
പ്രതികളെ വെറുതേവിട്ട കൊല്ലം ജില്ലാ അഡി. സെഷന്‍സ് കോടതി തൊണ്ടിമുതലുകള്‍ നശിപ്പിക്കുകയോ വില്ക്കുകയോ ചെയ്യാന്‍ ഉത്തരവില്‍ പറഞ്ഞിരുന്നു. തൊണ്ടിസാധനങ്ങള്‍ അപ്പീല്‍ കാലാവധിയായ 60 ദിവസം വരെ സൂക്ഷിക്കണമെന്നാണു നിയമം.
ഹര്‍ജിക്കാരി 25 ദിവസത്തിനുള്ളില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും തൊണ്ടിമുതല്‍ നശിപ്പിക്കുന്നെന്നാണ് ഉപഹര്‍ജിയിലെ ആരോപണം. തൊണ്ടിസാധനങ്ങള്‍ നശിപ്പിക്കാനുള്ള വിചാരണക്കോടതിയുടെ നിര്‍ദേശം സ്റ്റേ ചെയ്തു. 2009 ജൂലൈ 25നാണ് ജോസ് സഹായന്‍ കൊല്ലപ്പെട്ടത്. കേസിലെ പത്തു പ്രതികളെയും വിചാരണക്കോടതി വെറുതേ വിട്ടിരുന്നു.