വൈദ്യുതികരാർ റദ്ദാക്കൽ: ഇടക്കാല ക്രമീകരണം തുടരാൻ റെഗുലേറ്ററി കമ്മീഷനെ സമീപിക്കാൻ സർക്കാർ നിർദേശം
Friday, June 2, 2023 1:07 AM IST
തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ കരാർ റദ്ദാക്കിയതോടെ ഏർപ്പെടുത്തിയ ഇടക്കാല ക്രമീകരണം തുടരാനായി വൈദ്യുതി റെഗുലേറ്ററി കമ്മീഷനെ സമീപിക്കാൻ വൈദ്യുതി ബോർഡിനു സർക്കാർ നിർദേശം നൽകി.
25 വർഷത്തേക്കു വൈദ്യുതി വാങ്ങാൻ യുഡിഎഫ് കാലത്ത് മൂന്നു സ്വകാര്യ കന്പനികളുമായുണ്ടാക്കിയ ദീർഘകാല കരാറാണ് മേയ് 10നു റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയത്.
കരാർ റദ്ദാക്കിയതോടെ വൈദ്യുതി ക്ഷാമവും പവർ കട്ടും ഒഴിവാക്കാൻ രണ്ടാഴ്ചത്തേക്കു താത്കാലിക ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. പുതിയതായി ഇടക്കാല ക്രമീകരണമോ അല്ലെങ്കിൽ അപ്പലേറ്റ് ട്രൈബ്യൂണലിൽ അപ്പീൽ സമർപ്പിക്കുകയോ ചെയ്യുന്നതുവരെ നിലവിലെ സ്ഥിതി തുടരാൻ റെഗുലേറ്ററി കമ്മീഷനെ സമീപിക്കാനാണു സർക്കാർ നിർദേശിച്ചത്.
അപ്പലേറ്റ് ട്രൈബ്യൂണൽ അപ്പീൽ നിരസിക്കുകയാണെങ്കിൽ നടപടി ക്രമങ്ങൾ പാലിച്ച് വൈദ്യുതി ക്രമീകരിക്കാൻ നടപടി സ്വീകരിക്കാനും സർക്കാർ നിർദേശിച്ചു
ചട്ടലംഘനത്തിലൂടെ കരാർ നൽകിയതുവഴി 25 വർഷത്തേക്കു വൈദ്യുതി ബോർഡിന് 5926 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയാണു മൂന്നു കന്പനികളുമായുണ്ടാക്കിയ കരാർ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ ടി.കെ. ജോസ്, എ.ജെ. വിൽസണ് എന്നിവരടങ്ങിയ കമ്മീഷൻ റദ്ദാക്കിയത്. വർഷം തോറും 237 കോടി രൂപ വൈദ്യുതി ബോർഡിന് അധിക ബാധ്യതയുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
യുഡിഎഫ് ഭരണകാലത്ത് 2014 ഡിസംബറിൽ ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കേയാണ് 865 മെഗാവാട്ട് വൈദ്യുതി വാങ്ങാനായി രണ്ടു ടെൻഡറുകൾ വിളിച്ചത്. എം. ശിവശങ്കർ വൈദ്യുതി ബോർഡ് ചെയർമാനും പോൾ ആന്റണി ഊർജ വകുപ്പു സെക്രട്ടറിയുമായിരുന്നു.